Image Credit: Facebook/shylaja.ambu
ബസിലെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി ശൈലജ പി അമ്പു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്നും വിഡിയോ ഇടുകയല്ല വേണ്ടതെന്നും ശൈലഭ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി. തനിക്കും മകള്‍ക്കും നേരിട്ട വിവിധ അതിക്രമങ്ങളും അവര്‍ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.
പല ദുരനുഭവങ്ങളിലും വിഡിയോ പോസ്റ്റ് ചെയ്യാന്‍ തോന്നാത്തതിന് കാരണം അധിക്ഷേപിക്കുന്നവന്‍റെ അമ്മയെയും അച്ഛനെയും ഭാര്യയെയും മക്കളെയും ഓര്‍ത്താണെന്നും ശൈലജയുടെ കുറിപ്പിലുണ്ട്. യുവതി സോഷ്യല്‍ മീഡിയയില്‍ വിഡിയോ ഇടുന്നതിന് പകരം പ്രതികരിക്കുകയായിരുന്നു വേണ്ടത്. പുരുഷന്‍റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നിൽക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാമെന്നും ശൈലജ എഴുതി.
''ദീപക്കിന്‍റെ മരണ ശേഷം ഒരു ട്രെന്‍ഡ് വന്നു. പുരുഷന്മാരെ നശിപ്പിക്കുന്നവരാണ് സ്ത്രീകളാണ് എന്ന് തോന്നിപ്പിക്കുന്നൊരു ട്രെന്‍ഡ്. ബസിൽ സ്ത്രീകളുണ്ട് പുരുഷന്മാർ സൂക്ഷിക്കുക എന്നുള്ള പോസ്റ്ററുകൾ. ഇതൊക്കെ കണ്ടാൽ തോന്നും സമത്വ സുന്ദര സുരഭിലമായിരുന്ന ഈ ഭൂമി കുറേ ഒരുമ്പെട്ട സ്ത്രീകൾ ചേർന്ന്
നശിപ്പിച്ചുവെന്ന്. പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ മര്യാദയില്ലാതെ വ്യക്തിഹത്യ നടത്തും'' ശൈലജ എഴുതി.
45 വയസിനിടെ ഉണ്ടായ ദുരനുഭവങ്ങളും പോസ്റ്റില്‍ പറയുന്നുണ്ട്. എൽപി സ്കൂളിലെ കുഞ്ഞ് പെൺപിള്ളേരുടെ..... കഥാപ്രസംഗം പഠിപ്പിക്കാൻ വന്ന ഒരു കിളവൻ സാറ്. കോട്ടൺഹിൽ സ്കൂളിൽ നിന്നിറങ്ങി ടാഗോർ നഗർ വഴി നടക്കുമ്പോൾ...... തട്ടി കടന്നുപോകുന്ന യുവാവ്. പിന്നെ ബസ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, തീവണ്ടി, ഉൽസവപ്പറമ്പ്, കല്ല്യാണ വീട് ....... ഏറ്റവും അവസാനത്തേത്, കഴിഞ്ഞാഴ്ച എന്‍റെ ടൂവീലറിൽ നിന്നിറങ്ങി ബസ്സിലേക്ക് കയറുന്ന എന്‍റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ ഉൾപ്പെടുന്ന ഓരോ സ്ത്രീയും കടന്നുപോകുന്നതെന്നും ശൈലജ എഴുതി.