കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേഹപരിശോധന ഇനി അതിവേഗം. ഫുള്‍ ബോഡി സ്കാനര്‍ സ്ഥാപിച്ചു. യാത്രക്കാരുടെ സുരക്ഷാപരിശോധന വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച ഫുള്‍ ബോഡി സ്കാനര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ക്യാബിന്‍ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റവും ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിലെ സെക്യൂരിറ്റി ചെക്ക് ഏരിയയില്‍ നടന്ന ചടങ്ങില്‍ സിയാല്‍ എംഡി എസ് സുഹാസ് ഫുള്‍ ബോഡി സ്കാനര്‍ ഉദ്ഘാടനം ചെയ്തു. 

എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു, ചീഫ് ടെക്നോളജി ഓഫീസര്‍ എസ് സന്തോഷ്, ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു. ഇരു ടെര്‍മിനലുകളിലുമായി പരിശോധനയ്ക്കായി നിലവില്‍ 32 ഡിഎഫ്എംഡി പോയിന്‍റുകളാണ് ഉള്ളത്. ഫുള്‍ ബോഡി സ്കാനറുകള്‍ പൂര്‍ണസജ്ജമാകുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന ദേഹപരിശോധന ഒഴിവാക്കാനാകും. 

രണ്ട് ടെര്‍മിനലുകളിലും ഓരോ ഫുള്‍ ബോഡി സ്കാനറുകളാണ് സ്ഥാപിച്ചത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ മുഴുവന്‍ പോയിന്‍റുകളിലും ഇവ സ്ഥാപിക്കുമെന്ന് എസ് സുഹാസ് പറഞ്ഞു. 

ENGLISH SUMMARY:

Passenger security screening at Kochi International Airport has become faster with the installation of full-body scanners. The newly installed scanners have begun trial operations, aiming to enhance security while reducing screening time. Alongside this, an Automated Tray Retrieval System (ATRS) has also been inaugurated to speed up the movement of cabin baggage.