കൊച്ചിയില്‍ ഈ മാസം 29ന് പുലിയിറങ്ങും. പുലിക്കളിയും കുടമാറ്റവും പലനിലകളിലുള്ള പന്തലുകളുമൊക്കെയായി എറണാകുളത്തപ്പന്‍ ഉല്‍സവാഘോഷത്തിന് ഇത്തവണ തൃശൂര്‍ ടച്ചുണ്ട്. എറണാകുളത്തിന്‍റെ ദേശനാഥന്‍റെ ഉല്‍സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും. ആഘോഷ വൈബില്‍ അലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ എറണാകുളത്തപ്പന്‍റെ അടുത്തേയ്ക്ക് വരാം.
കൊച്ചിയില്‍ ഇനി എട്ടുനാള്‍ ഉല്‍സവാഘോഷ നിറവ്. എറണാകുളം ശിവക്ഷേത്രോത്സവത്തിന് ഇന്ന് വൈകീട്ട് 7നും 8നും മധ്യേ കൊടികയറും. 28ന് ചെറിയ വിളക്കും ഉല്‍സവബലിയും. 29ന് വലിയ വിളക്കും പകല്‍പ്പൂരവും. കുടമാറ്റവും പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളവും അരങ്ങേറും. ഗായിക കെ.എസ് ചിത്ര അടക്കം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാ–സാംസ്ക്കാരിക പരിപാടികളുമുണ്ട്. ഇത്തവണത്തെ ആഘോഷത്തിന് തൃശൂര്‍ ടച്ചുണ്ട്. ഈ വര്‍ഷത്തെ എറണാകുളത്തപ്പന്‍ പുരസ്ക്കാരം പെരുവനം സതീശന്‍ മാരാര്‍ക്കും വൈദ്യനാഥന്‍ പുരസ്ക്കാരം ഡോക്ടര്‍ കെ.ജി രവീന്ദ്രനും സമര്‍പ്പിക്കും.