പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയില്‍ കിണറ്റില്‍ വീണ നാലുവയസുകാരനെ രക്ഷിച്ച് പൊലീസ്. മൂവാറ്റുപുഴ പുഞ്ചേരിയിലാണ് സംഭവം. കിണറിന്റെ പടം ചേര്‍ത്ത് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. പൊലീസിനെ അഭിനന്ദിച്ച് നിരവധി പേര്‍ പ്രതികരണവുമായെത്തി.
‘പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ പുഞ്ചേരി ഭാഗത്തെത്തിയ പോലീസ് സംഘം നിലവിളി കേട്ട് ജീപ്പ് നിർത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 4 വയസുകാരൻ മുഹമ്മദ് സിയാൻ കിണറ്റിൽ വീണതറിഞ്ഞത്. സമയം പാഴാക്കാതെ കിണറ്റിലേക്ക് ഇറങ്ങിയ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണിയും സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും മുങ്ങിതാണുകൊണ്ടിരുന്ന ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.’– പൊലീസ് കുറിച്ചു.
ഒപ്പമുണ്ടായിരുന്ന എ.എസ്.ഐ, കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി പോസ്റ്റില്‍ പറയുന്നു. കേരളപൊലീസിനു ബിഗ് സല്യൂട്ട് എന്ന് നിരവധി കമന്റുകള്‍ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു.
അതേസമയം തന്നെ കിളിമാനൂരിലുണ്ടായ റോഡ് അപകടത്തില്‍പ്പെട്ട് മരിച്ച ദമ്പതികളായ അംബികയ്ക്കും രഞ്ജിത്തിനും നീതി വേണമെന്നാവശ്യപ്പെട്ടും പോസ്റ്റിനു താഴെ കമന്റുകളുണ്ട്. സംഭവത്തില്‍ അപകടത്തിനു കാരണക്കാരായവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.