അപേക്ഷിച്ച് ഒരു മണിക്കൂറിനുള്ളിൽ 9 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്നും, പ്രതിപക്ഷത്തുള്ളവര്‍ക്ക് ഇത് വിശ്വസിക്കാനാവാത്തത് കൊണ്ടാണ് ട്രോളുന്നതെന്നും മന്ത്രി എംബി രാജേഷ്. കാരണം അവർ ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ സ്റ്റോപ്പിൽ കുടുങ്ങിയവരാണ്. ഫയൽ അട്ടിയട്ടിയായി മേശപ്പുറത്ത് വെച്ച ആ പഴയ കാലം മാറിയ കാര്യം ഇനിയെങ്കിലും തിരിച്ചറിയൂ. ട്രോളുകളിൽ പറയുന്നത് പോലെ ‘കൂട്ടിയിട്ട് കത്തിക്കാൻ’ ഫയലുകൾ ഇന്ന് പേപ്പറിലല്ല, കമ്പ്യൂട്ടറിലാണ് എന്നെങ്കിലും മനസിലാക്കുകയും വേണം. ഫെയ്സ്ബുക്കിൽ നിന്ന് ഇറങ്ങി നാട്ടിലെ പഞ്ചായത്ത് ഓഫീസ് വഴിയൊന്ന് പോയിനോക്കിയാൽ ഈ സംശയങ്ങളെല്ലാം മാറിയേനെയെന്ന് പരിഹാസ രൂപേണ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വയം ട്രോളുകയാണെന്ന് ഇവരറിയുന്നില്ലല്ലോ, ഇവരോട് പൊറുക്കേണമേ എന്നുപറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 

കെ സ്മാർട്ടിലൂടെ 9,14,004 അപേക്ഷകളാണ് സമർപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യമായ പരിശോധനകൾ നടത്തി ജനങ്ങൾക്ക് സേവനം നൽകാനായത്.  ഇത്രയും പേർക്ക് അപേക്ഷ നൽകി സേവനം ലഭിക്കാനെടുത്ത സമയം ഒരു മണിക്കൂറിൽ താഴെയാണ്. ഇത് വെറും തള്ളല്ല, ഡിജിറ്റൽ രേഖകളായി നമുക്ക് മുന്നിലുള്ള വസ്തുതയാണ്, 9,14,004 പേരുടെ നേരനുഭവമാണ്. കെ സ്മാർട്ടിലൂടെ ലഭിച്ച അപേക്ഷകളിൽ ഏകദേശം 10 ശതമാനത്തോളവും, ലഭിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ഇങ്ങനെ തീർപ്പാക്കി സർട്ടിഫിക്കറ്റ് നൽകിയത്. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിലാണ് (23 ശതമാനത്തിലധികം). ഇതും ഇത്തരക്കാർക്ക് വിശ്വസിക്കാൻ പ്രയാസമാവും. എങ്കിലും ബാക്കി കൂടി കേൾക്കൂ..  ദുബായിൽ ഇരിക്കുന്ന ഭർത്താവിനും കൊച്ചിയിൽ ഇരിക്കുന്ന ഭാര്യയ്ക്കും, പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോവാതെ വീഡിയോ കെ വൈ സി വഴി ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവുന്നുണ്ട്. സാക്ഷികൾക്ക് ഒടിപി വഴി വിവാഹം നടന്നത് സാക്ഷ്യപ്പെടുത്താം.  ഒരു സാധാരണ വീട് നിർമ്മിക്കണോ, പെർമ്മിറ്റിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട. നിയമാനുസൃതം അപേക്ഷ സമർപ്പിച്ചാൽ സോഫ്റ്റ്വെയർ തന്നെ ഒരു മിനുട്ടിനകം ഇന്ന് പെർമിറ്റ് നൽകുന്നു, ഇതുപയോഗിച്ച് നിർമ്മാണം തുടങ്ങാം. കൂടുതൽ ഞെട്ടാൻ താത്പര്യമുള്ളവർക്ക് കെ സ്മാർട്ട് പോർട്ടലിൽ കയറി നോക്കാവുന്നതാണ്. 

തദ്ദേശ സ്ഥാപനങ്ങളിലെ ഏത് സേവനവും ലോകത്തെവിടെയിരുന്നും വിരൽതുമ്പിൽ സ്വന്തമാക്കാമെന്നത് ലക്ഷക്കണക്കിന് മനുഷ്യർ ഉപയോഗിക്കുന്ന യാഥാർഥ്യമാണ്, അവരുടെ അനുഭവമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോഗിച്ചും, ഫയൽ ഫ്ലോയുടെ തട്ടുകൾ കുറച്ചും, നടപടികളും ചട്ടങ്ങളും സുതാര്യമാക്കിയും ലഘൂകരിച്ചുമാണ് ഇത് സാധ്യമാക്കിയത്. ഇന്ന് ഏത് അപേക്ഷയും വീട്ടിലിരുന്ന് ഓൺലൈനായി കൊടുക്കാം, ആവശ്യമായ പരിശോധന പൂർത്തിയായാൽ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കും, പഞ്ചായത്ത്/നഗരസഭാ ഓഫീസിലേക്ക് പോകേണ്ട ആവശ്യം പോലുമില്ല. നമ്മൾ കൊടുത്ത അപേക്ഷ ഓരോ ദിവസവും ആരുടെ പരിഗണനയിലാണ്, എന്താണ് സ്ഥിതി എന്ന് തത്സമയം അറിയാനുമാവും. ഫിസിക്കൽ ആയ അപേക്ഷകൾ സാധാരണനിലയിൽ ഇന്ന് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളിൽ സ്വീകരിക്കുന്നേയില്ല എന്നുതന്നെ പറയാം. ട്രോളുന്ന യുഡിഎഫ് അണികൾക്ക് അവരുടെ നേതാക്കളായ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരോട് ചോദിച്ചാൽ ഇക്കാര്യം ബോധ്യമാവും, അവരുടെ ലോഗിനിലും കാണാനാവും കെ സ്മാർട്ട് തുറന്നിടുന്ന ഈ അനന്ത സാധ്യതകൾ. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനും ഈ മാതൃക പകർത്താനും കേരളത്തിലേക്ക് വരുന്നത്. 

പലർക്കും അവിശ്വസിനീയമായ ഈ മുന്നേറ്റം സാധ്യമാക്കിയ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജീവനക്കാർക്കും കെ സ്മാർട്ട് ടീമിനും അഭിനന്ദനങ്ങൾ. കെ സ്മാർട്ടിന്റെ വേഗതയും സാധ്യതയും ജനങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാക്കിയവർക്ക് നന്ദി.– അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

K-Smart Kerala enables citizens to access local body services online, streamlining processes and reducing bureaucracy. This digital initiative allows for online applications, real-time tracking, and digital certificate delivery, enhancing transparency and efficiency in local governance.