ശബരിമല മേൽശാന്തി ശ്രീകോവിൽ പൂട്ടി താക്കോൽ രാജപ്രതിനിധിക്ക് കൈമാറി. തിരുവാഭരണ പേടകങ്ങളും പന്തളത്തേക്ക് കൊണ്ടുപോയി. മകരസംക്രമ ദിനത്തിൽ ശബരിമല സന്നിധാനത്ത് തുടങ്ങിയ വിളക്കെഴുന്നള്ളിപ്പ്, നായാട്ടുവിളി, കളമെഴുത്ത് ചടങ്ങുകളായിരുന്നു പൂർത്തിയാക്കിയത്. ഇന്നലെ കുരുതി ചടങ്ങിന് മുൻപായി ശബരിമല നട അടച്ചു.
ഇന്ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദർശനം. പ്രധാന തിരുവാഭരണ പേടകവും പൂജാപാത്രങ്ങൾ അടങ്ങിയ പേടകവും രാവിലെ പതിനെട്ടാം പടി ഇറങ്ങി. തിടമ്പടങ്ങിയ പേടകം മണിമണ്ഡപത്തിൽ നിന്നു പതിനെട്ടാം പടിയുടെ താഴെയെത്തി ഒരുമിച്ച് പന്തളത്തേക്ക് യാത്ര തുടങ്ങി. രാജപ്രതിനിധി ദർശനത്തിന് ശേഷം പതിനെട്ടാം പടി ഇറങ്ങി താഴെ സാഷ്ടാംഗ പ്രണാമം നടത്തി.
ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി രാജപ്രതിനിധി പി.എൻ. നാരായണ വർമ്മയ്ക്ക് ശ്രീകോവിലിന്റെ താക്കോൽ കൈമാറി. തുടർന്ന് താക്കോലും ഒരു വർഷത്തെ ചെലവിനുള്ള പണക്കിഴിയും രാജപ്രതിനിധി ദേവസ്വം അധികാരികൾക്ക് കൈമാറി. ഉടവാളേന്തിയ അംഗരക്ഷകനൊപ്പം മലയിറങ്ങി.തിരുവാഭരണ പേടക വാഹക സംഘം ഇന്ന് ളാഹ സത്രത്തിൽ തങ്ങും.
നാളെ വൈകിട്ട് പെരുന്നാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. 23-ാം തീയതി രാവിലെ തിരുവാഭരണങ്ങൾ തിരികെ പന്തളം കൊട്ടാരത്തിൽ എത്തും. 54 ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ശബരിമല സന്നിധാനത്ത് എത്തിയത്. സുഗമമായി കാര്യങ്ങൾ നടന്നുവെന്ന് എ.ഡി.എം. അറിയിച്ചു. ഇനി കുംഭമാസ പൂജയ്ക്കായി അടുത്ത മാസം 13-ാം തീയതി നട തുറക്കും. ഫെബ്രുവരി 6-നാണ് അടുത്ത മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കത്തിനുള്ള അവലോകനയോഗം