ജീവനൊടുക്കിയ ദീപക് തെറ്റ് ചെയ്തോ ഇല്ലയോ എന്നൊന്നും വിധിക്കാൻ താൻ ആളല്ലെന്നും, പക്ഷെ അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത് നോട്ടം കൊണ്ട് ആയാൽ പോലും തെറ്റ് തന്നെയാണെന്നും സൈക്കോളജിസ്റ്റ് ഹേന സുഭദ്ര. തനിക്ക് ഇഷ്ടപ്പെടാത്ത, കടന്നു കയറ്റം ആയി തോന്നിയ  ദൃശ്യം പ്രചരിപ്പിച്ചു എന്നത് വലിയ അപരാധമായി കണ്ട് ആ സ്ത്രീയെ തൂക്കി കൊല്ലണം എന്നൊക്കെ വിധിക്കുന്ന പുരുഷ പ്രേമികളോട് പറയാനുള്ളത്, അയാൾ നിരപരാധി ആണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ് എന്നാണ്. കാലാ കാലങ്ങളായി ഇത്തരം അതിക്രമങ്ങൾ സഹിച്ച് കഴിയുന്ന വലിയൊരു കൂട്ടം സ്ത്രീകൾ നമ്മുടെ ചുറ്റിനും ഉണ്ടെന്ന് ഹേന ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരം പെരുമാറ്റങ്ങൾ  ഒക്കെ അവർക്ക് അതിക്രമമായി തോന്നിയെങ്കിൽ അതിൽ ഇത്തരം സ്ത്രീകളെ തെറ്റ് പറയാൻ പറ്റില്ലെന്ന് പറഞ്ഞ് തനിക്ക് മുമ്പ് നേരിട്ട അനുഭവവും അവര്‍ പോസ്റ്റിലൂടെ പങ്കുവെച്ചു. 

'പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴാണ്. ഒരിക്കൽ അമ്മവീട്ടിൽ പോയി തിരിച്ചു വരുന്ന സമയം. പെരുമ്പാവൂർ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ നിൽക്കുകയാണ്. ബസ് വന്നു നിന്നതും എവിടെ നിന്നില്ലാതെ കുറെ ആളുകൾ ബസിലേക്ക് ഇരച്ചു കയറി. ആദ്യം നിന്നത് ഞാനാണ്. കയ്യെടുത്ത് ബസിന്റെ കമ്പിയിൽ പിടിക്കാൻ നോക്കിയതും പുറകിൽ നിന്ന് ഒരു കൈ വന്നു എന്റെ   നെഞ്ചത്ത്  പിടിച്ചു  ഞെരിച്ചു. ഒരു നിമിഷം പകച്ചു പോയി. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്തത്ര തിരക്കാണ്. ചാടി ബസിൽ കയറി ഒരു സീറ്റിൽ ഇരുന്നു. ആ ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. ഭയന്ന് പോയി. ഈ  ലോകം തന്നെ ഇല്ലാതാകുന്നത് പോലൊരു അനുഭവം.  എതിർ സീറ്റ്‌ ലൊരുത്തൻ വഷളൻ ചിരിയുമായി ഇരിക്കുന്നത് കണ്ടപ്പോ അയാളാകും അത് ചെയ്തത് എന്ന് തോന്നിയിരുന്നു.  പ്രതികരിക്കാൻ ധൈര്യമില്ലാതെ വീർപ്പു മുട്ടി ആകെ ഭയവും ദേഷ്യവും സങ്കടവും കൊണ്ട്  എവിടേക്കെങ്കിലും ഓടി ഒളിക്കണം  എന്ന ചിന്തയുമായി ഇരുന്ന ആ ഒരു ഇരിപ്പുണ്ട്. എന്റെ ശരീരം എനിക്ക് തന്നെ വേണ്ടാത്ത പോലെ. അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്നത്ര അറപ്പും വെറുപ്പും തോന്നി. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു അന്ന്. ആകെ  കുറ്റബോധവും ദേഷ്യവും ഭയവും സങ്കടവും ഒക്കെയായി ആ ഒരു ഓർമ്മ ഈ അടുത്ത കാലം വരെ എനിക്കുണ്ടായിരുന്നു. 

ഈ ഒരനുഭവം  മാത്രമല്ല,  അന്ന് ലോക്കൽ ബസുകളിലാണ് ഞങ്ങളൊക്കെ സ്കൂളിൽ പോകുന്നത്. കയറുമ്പോഴേ പിള്ളേരൊക്കെ പുറകിലേക്ക് പോ എന്നും പറഞ്ഞ് കണ്ടക്ടർ തള്ളി വിടും. എങ്ങാനും ഏറ്റവും പുറകിലെത്തി പോയാൽ പിന്നെ ഭയമാണ്. ഉദ്ധരിച്ച ലിംഗങ്ങൾ ദേഹത്ത് ഉരസാത്ത ഒരു കുട്ടിയും ഉണ്ടാകില്ലായിരുന്നു. അത് കൊണ്ട് തന്നെ സേഫ്റ്റി പിൻ കൊണ്ട് നടക്കാത്ത ഒരു പെൺകുട്ടിയും അന്നത്തെ കാലത്ത് എന്റെ അറിവിലില്ല. നല്ല തിരക്കാണെങ്കിൽ ഇത്തരം വൃത്തികേടുകൾ സഹിക്കുക എന്നല്ലാതെ മറ്റു വഴികളില്ല. മിക്കവാറും മിണ്ടാതെ ഭയന്ന്  എങ്ങനെയും ഇറങ്ങാനുള്ള സ്ഥലം എത്തിയാൽ മതി എന്നൊക്കെ ചിന്തിച് നിൽക്കലാണ് പതിവ്. എങ്ങാനും ആരെങ്കിലുമൊക്കെ പ്രതികരിച്ചു പോയാൽ ആ പെൺകുട്ടികളുടെ കൂടെ മറ്റു സ്ത്രീകൾ ഉൾപ്പെടെ ഒരാൾ പോലും നിൽക്കുന്നത് കണ്ടിട്ടില്ല. 

ഈ അനുഭവങ്ങളെ   കുറിച്ച് ആദ്യമായി ഞാൻ സംസാരിക്കുന്നത് ഈ ഇടക്ക്  POSH ആക്ട് ലേ ഐ സി കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ളൊരു ട്രയിനിങ് പ്രോഗ്രമിലാണ്.  സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന, ബിരുദാനന്തര ബിരുദമുള്ള മനുഷ്യരായിരുന്നു അവർ എല്ലാവരും തന്നെ. അന്ന് ആ  പരിപാടിയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതിന്റെ ട്രോമ പേറുന്ന മനുഷ്യരുണ്ട്. പലരും വിറച്ചു കൊണ്ട് ആകമാനം കരഞ്ഞ് അവരുടെ സമാന അനുഭവങ്ങൾ പങ്കു വച്ചു. പലരും പറഞ്ഞത് ഇത് ഞാൻ ജീവിതത്തിൽ ആദ്യമായാണ്  പുറത്ത് പറയുന്നത്. ഉറ്റ സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല എന്നാണ്. ഒരു സ്ത്രീ പറഞ്ഞത് എനിക്ക് സമാനമായ അതിക്രമം നേരിടെണ്ടി വന്നിട്ടുണ്ട്. അത് പറയാൻ പോലും  എനിക്ക് താല്പര്യമില്ല എന്നാണ്. 

ഇത് പോലെയുള്ള അതിക്രമങ്ങൾ കാരണം  സ്വന്തം വീട്ടിലുള്ള പുരുഷന്മാരോട്  പോലുമുള്ള  വിശ്വാസം നഷ്ടപ്പെട്ടവർ, ദുസ്വപനങ്ങൾ കണ്ടും സ്വയം  കുറ്റപ്പെടുത്തിയും കഴിയുന്ന അനേകായിരം സ്ത്രീകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. ആരോടും പറയാനുള്ള ധൈര്യം  ഇല്ലാതെ കഴിയുന്ന എത്രയോ പേർ. ഈ അടുത്ത കാലത്താണ് എന്റെ പങ്കാളിയോട് ഞാനീ കാര്യം പറയുന്നത്. ഇത്രേം തന്റെടി ആയ നിനക്ക് വരെ ഇത് പറയാൻ ഇത്ര വിഷമം ഉണ്ടെങ്കിൽ പാവം പിള്ളേരുടെ കാര്യം എന്തായിരിക്കും അല്ലെ എന്നദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. 

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് ബസിൽ ഇത്തരം വൃത്തികെട്ടുകൾ കാണിക്കുന്ന മനുഷ്യരെ  തുറന്നു കാട്ടുന്നത് കാണുമ്പോൾ വല്ലാത്ത സമാധാനവും  സംതൃപ്തിയും ആശ്വാസവും ഒക്കെ തോന്നുന്നത്.  

എന്നോട് പലരും  പറഞ്ഞിട്ടുണ്ട് "നീ പുരുഷ വിരോധി  ആണല്ലേ?" എന്ന്. പൂർണ്ണമായും അങ്ങനെ അല്ലാതാവാൻ ഒരേ ഒരു കാരണം  സ്വന്തം പ്രിവിലേജുകൾ തിരിച്ചറിഞ്ഞു എന്നോട് കരുണയോടെ പെരുമാറിയിട്ടുള്ള അപൂർവ്വം ചില പുരുഷന്മാർ  ഉള്ളത് കൊണ്ട് മാത്രമാണ്'. – അവര്‍ വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്ത ആ മനുഷ്യന് ആദരാഞ്ജലികൾ എന്നുപറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

"Psychologist Hena Subhadra stated that she is not the one to judge whether Deepak, who ended his life, was right or wrong; however, attempting to intrude upon a woman's body without consent—even if only through a gaze—is indeed a mistake."