‘എന്തിനു വാവേ നീ ഇത് ചെയ്തത്? അമ്മയുടെ സ്വത്തല്ലേ... നീയില്ലാതെ ഞങ്ങള്‍ക്ക് നില്‍ക്കാനാവില്ലെന്ന് എന്‍റെ മുത്തിനറിയില്ലേ...’ കേട്ടു നില്‍ക്കാനാവില്ല ആ അമ്മയുടെ നിലവിളി. ബസില്‍ വച്ചുണ്ടായ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ വീട്ടിലാണ് ഹൃദയം നുറുങ്ങുന്ന കാഴ്ച. വിഡിയോ ദീപക്കിനെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നുവെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു. Also Read: ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും
ബസ് യാത്രക്കിടെ യുവതിയെടുത്ത വിഡിയോ പുറത്തുവന്നതിനു പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു ദീപക് . നിരപരാധിയാണെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പലതവണ പറഞ്ഞിരുന്നു. കഴിയുന്നത്ര സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ‘അമ്മയ്ക്കും അച്ഛനും ഒരേയൊരു മകനാണ്. പത്തിരുപത് വര്‍ഷമായി അവനെ അറിയാം. ആ യുവതിക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമായിരുന്നു.’ കിട്ടിയ അവസരം അവര്‍ മുതലെടുക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
സുഹൃത്തിന് നീതികിട്ടും വരെ നിയമപരമായി പോരാടുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്വകാര്യ ബസിലുണ്ടായ സംഭവത്തില്‍ വിഡിയോ ചിത്രീകരിച്ച യുവതിയുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസിൽ വച്ച് അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പയ്യന്നൂരില്‍ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസിൽ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. വീഡിയോ പകർത്തുന്നത് കണ്ടതോടെയാണ് യുവാവ് ബസിൽ നിന്നിറങ്ങി വേഗത്തിൽ നടന്നുപോയതെന്നും യുവതി പറയുന്നു. ദീപക്കിന്‍റെ മരണത്തിനു പിന്നാലെ യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം തുടരുകയാണ്.