രണ്ട് വയസിനുള്ളില്‍ ഹോണററി ഡോക്ടറേറ്റ് ഉള്‍പ്പെടെ 39 റെക്കോര്‍ഡുകളും പുരസ്കാരങ്ങളും നേടി കൊച്ചുമിടുക്കന്‍. തിരുവനന്തപുരം സ്വദേശികളായ ഡോ. റോഷന്‍ ജോസഫ് ജോണിന്‍റെയും ട്രീസാ സേവ്യറിന്‍റെയും മകന്‍ ഐസക് ജോണ്‍ ജോസഫാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
നാട് അങ്ങ് തിരുവനന്തപുരത്താണെങ്കിലും ജന്മം കൊണ്ട് കണ്ണൂരുകാരനാണ് ഐസക് ജോണ്‍ ജോസഫ്. അസാധാരണ ഓര്‍മശക്തികൊണ്ട് ഞെട്ടിക്കുന്ന കുരുന്ന്. 114 ദേശീയപതാകകള്‍, 100 കാര്‍ ലോഗോകള്‍, പ്രസിഡന്‍റുമാര്‍, പ്രധാനമന്ത്രിമാര്‍, സ്പോര്‍ട്സ് ലോഗോകള്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ് പേരുസഹിതം പറയും.
മാസം തികയാതെ പിറന്ന കുഞ്ഞായിരുന്നു ഐസക്.. ഇന്ന് അവന്‍റെ കൂത്തുപറമ്പിലെ വീട്ടില്‍ അംഗീകാരങ്ങളുടെ നീണ്ടനിര. അമേരിക്കന്‍, യൂറോപ്യന്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍. അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്, ക്യാമല്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, ഉത്തം ഭാരത് പുരസ്കാര്‍... അങ്ങനെ നീളുന്നു. ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയും ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്സ് ട്രസ്റ്റും സംയുക്തമായി നല്‍കിയ ഹോണററി ഡോക്ടറേറ്റാണ് ഏറ്റവും പുതിയത്.
അംഗീകരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന കൊച്ചുമിടുക്കന്‍റെ പേര് വിക്കിപിഡിയയിലുമെത്തി. മകന്‍റെ അസാധാരണ വളര്‍ച്ചയില്‍ ഡോ. റോഷനും ട്രീസയ്ക്കും ഇന്നും അമ്പരപ്പ് മാറിയിട്ടില്ല. അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്നുണ്ടെങ്കിലും ഐസക് അതൊന്നും ഓര്‍ക്കുന്നില്ല. അവന്‍ അവന്‍റെ കളിയും ചിരിയും കുറുമ്പും നിറഞ്ഞ ലോകത്താണ്.