ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ വ്യത്യസ്ത നിരീക്ഷണവുമായി നടനും ഹാസ്യതാരവുമായ സന്തോഷ് പണ്ഡിറ്റ്. ബസില്‍ വച്ചുണ്ടായ സംഭവത്തിന്‍റെ തെറ്റും ശരിയും കോടതി തീരുമാനിക്കട്ടെ. പക്ഷേ ഇത്തരം സംഭവങ്ങള്‍ ആണുങ്ങള്‍ക്ക് വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ടുനടന്നാല്‍ അവനവന് കൊള്ളാം. ഏതെങ്കിലും സ്ത്രീ വിഡിയോ ചിത്രീകരിച്ച് വൈറലാക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും കൂടെയുണ്ടാവില്ല. ഒരുലക്ഷം പേര്‍ വിഡിയോ കണ്ടാല്‍ ആയിരം പേരെങ്കിലും നിങ്ങള്‍ ‘ഞരമ്പന്‍’ ആണെന്ന് വിശ്വസിക്കും.’ – സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
‘ആ യുവാവ് നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നത്. ആയിരുന്നെങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വം നേരിടണമായിരുന്നു. സമൂഹത്തിനുമുന്നില്‍ നിരപരാധിത്വം തെളിയിക്കണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിനാല്‍ യുവാക്കളേ, ഭയം വേണ്ട, ജാഗ്രത മതി.’ – സന്തോഷ് പറയുന്നു. Also Read: ‘എന്തിനു വാവേ നീ ഇത് ചെയ്തത്? എന്‍റെ കുഞ്ഞിന്റെ മുഖമെല്ലാം മാറിപ്പോയല്ലോ...’; ഹൃദയം തകര്‍ന്ന് ദീപക്കിന്റെ അമ്മ
താരത്തിന്‍റെ പോസ്റ്റില്‍ സ്ത്രീകളെയും ഉപദേശിക്കുന്നുണ്ട്. ‘ഏതെങ്കിലും പുരുഷനില്‍ നിന്ന് മോശം അനുഭവം ഉണ്ടായാല്‍ ഒട്ടും വൈകാതെ പൊലീസിനെ സമീപിക്കണം. വിഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെങ്കില്‍ അതുവച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതിന് മുന്‍പ് പൊലീസിനും കോടതിക്കും കൈമാറുക. തെറ്റുചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. സ്ത്രീ സുരക്ഷാ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ യഥാർഥത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാവും. പറയുന്നത് സത്യമായാല്‍പ്പോലും പലരും വിശ്വസിക്കാത്ത സ്ഥിതിയുണ്ടാകും.’– സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.