ഒരുപാട് മനുഷ്യരെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചാണ് വയനാട് വരടിമൂല ഊരിലെ അഭിഷേക് തൃശൂരിൽ നിന്നും മടങ്ങുന്നത്. പണിയ വിഭാഗത്തിൽപെട്ട എട്ടാം ക്ലാസുകാരൻ മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡ് വാങ്ങി ചരിത്രമായി. ദരിദ്ര കുടുംബത്തിൽ പെട്ട അഭിഷേകിന് നൃത്ത അധ്യാപകനാണ് എല്ലാം സൗജന്യമായി നൽകിയത്.
മാനന്തവാടിക്കടുത്ത് പണിയ വിഭാഗത്തിന്റെ വരടിമൂല ഊര്, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മനുഷ്യർ. സ്കൂളിൽ പോകാൻ പോലും കുട്ടികൾ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. അവിടുന്ന് ചിലങ്കയണിഞ്ഞ ഒരാൾ തൃശൂരിലെത്തി.
അഭിഷേക്.. വയനാട് പയ്യമ്പിള്ളി സെന്റ് കാതറിൻസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ.നാടോടി നൃത്തത്തിലും കേരളനടനത്തിലും മികച്ച പ്രകടനം. രണ്ടിലും എ ഗ്രേഡ്. കേട്ട് പരിചയം പോലുമില്ലാത്ത ആ നാടിനെ തന്നെ പ്രതിനിധീകരിച്ചെത്തിയ അഭിഷേക് അവർക്കൊരു വലിയ മാതൃകയായി, സ്വപ്നം കാണാൻ പ്രചോദനമായി.
അവന്റെയുള്ളിലെ പ്രതിഭയേയറിഞ്ഞ നൃത്ത അധ്യാപകൻ സാബു തൃശിലേരി ചേർത്തു പിടിച്ചു. ഒരു രൂപ പോലും വാങ്ങാതെ പരിശീലിപ്പിച്ചു, മത്സരത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി കൊടുത്തു.
പണിയ വിഭാഗത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് അഭിഷേക്.കടുത്ത ദുരിതത്തിലും ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാൻ പഠിപ്പിച്ച മാതാപിതാക്കൾക്ക് അവനാ നേട്ടം സമർപ്പിക്കുകയാണ്.
അവനു കിട്ടിയ പുരസ്കാരങ്ങൾ കൊണ്ടു ആ കൊച്ചു കൂര ഇപ്പോഴേ നിറഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങളും വരാനിരിക്കുന്ന വലിയ അംഗീകാരങ്ങളും കൂടി അവിടെ എത്തും.