കലാകേരളത്തിന്‍റെ കനകക്കപ്പിന് മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരും. 354പോയിന്റുള്ള കണ്ണൂരിന് നേരിയ ലീഡ്. 352 പോയിന്റുമായി കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം. കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധനേടുകയാണ് സാംസ്കാരിക നഗരിയിലെ കലാവിരുന്ന്.
പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്. വേദിക്ക് പുറത്ത് നിറയെ ആവേശമായി, പ്രോത്സാഹനമായി കാണികളും. കലാ കൗമാരം ത്രിശൂരിൽ തകർത്താടുകയാണ്.ക്ലാസിക്കൽ, പരമ്പരാഗത നിർത്തങ്ങളും വേദി കയ്യടക്കി.അനുകരണകലയിൽ അല്പം ആവർത്തനമുണ്ടായിരുന്നു.പുതിയ കാഥികരുടെ ഉയിർപ്പും മത്സരത്തിന്റെ രണ്ടാം ദിനം കണ്ടു.
കാണികളുടെ അതിപ്രസരം ഹൈ സ്കൂൾ വിഭാഗം നാടകത്തെ സമ്പന്നമാക്കി. മാർഗംകളിയിൽ പുതുപ്രതിഭകൾ ഹൈ വോൾട്ടേജ് തീർത്തു. പല മത്സരങ്ങളും തുടങ്ങാൻ വൈകുന്നത് മത്സരാർഥികളെ കുറച്ചൊക്കെ വിഷമിപ്പിക്കുന്നുണ്ട്. മേക് അപ്പ് സ്ഥലങ്ങളുടെ പരിമിതികളും മത്സരാർഥികൾ ചില ഇടങ്ങളിൽ ഉന്നയിച്ചു. പോയിന്റ് നിലയിൽ എല്ലാവരും തമ്മിൽ ഒന്നും രണ്ടും പോയിന്റുകളുടെ വ്യത്യാസമേയുള്ളു എന്നത് മത്സരങ്ങളുടെ കാഠിന്യം തെളിയിക്കുന്നു. രണ്ടാം ദിനം പൂർത്തിയാകാൻ ഒരുങ്ങുമ്പോൾ സ്ഥാനങ്ങളിൽ ആർക്കും മുന്നിൽ എത്താം എന്ന നിലയാണുള്ളത്.