രണ്ടര ദശലക്ഷം വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഭൂപ്രകൃതി എങ്ങനെ ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അതിലേക്ക് വിരൽചൂണ്ടുന്ന ശേഷിപ്പുകൾ കണ്ടെത്തിയിരിക്കുകയാണ് കാസർകോട് ചെറുവത്തൂരിൽ. ദേശീയപാത നിർമ്മാണത്തിനായി ഇടിച്ച വീരമല കുന്നിൽ നിന്നാണ് രണ്ടര ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിരിക്കുന്നത്.
ഈ വമ്പൻ കുന്നിന് അരികിലൂടെയാണ് തേജസ്വലി പുഴ ഒഴുകിയിരുന്നത് എന്ന് വിശ്വസിക്കാനാകുമോ. എന്നാൽ അതിനുള്ള തെളിവുകൾ നിരത്തുകയാണ് ഗവേഷകർ. ദേശീയപാത നിർമ്മാണത്തിനായി മണ്ണിടിച്ചതോടെയാണ് ഭൗമ ചരിത്രം പുറത്തുവന്നത്. മേഖലയിലെ ശില പാളികളിൽ നിന്ന് ലഭിച്ച ഫോസിലുകൾ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് കണ്ടെത്തലിലേക്ക് എത്തിച്ചത്. 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള മിയോപ്ലയോസീൻ കാലഘട്ടത്തിൽ ശാന്തമായി ഒഴുകിയ നദിയാണ് മേഖലയിൽ ഫോസിൽ നിക്ഷേപം നടത്തിയത്. കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ. കെ.സന്ദീപ് ഡോ.ഷാജി എന്നിവരുടെ കീഴിൽ കെ.വി ശരതാണ് ചെറുവത്തൂർ ഫോർമേഷനെ കുറിച്ച് പഠനം നടത്തിയത്.
പഠനം പാലിയോളജിയോഗ്രാഫി, പാലിയോ ക്ലൈമറ്റോളജി, പാലിയോ ഓഷ്യയോളജി എന്നീ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർക്കല ഫോർമേഷൻ സമാനമായി ചെറുവത്തൂർ ഫോർമേഷന്റെ ഭൗമ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കണം എന്നാണ് ആവശ്യം.