ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. 

ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്,  പാളികള്‍ കൊണ്ടുപോയതിനെ തത്രി എതിര്‍ത്തിരുന്നില്ല തുടങ്ങിയ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

തന്ത്രിക്ക് പോറ്റിയുമായി  അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായാണ് രാജീവിനെ വിളിച്ചുവരുത്തിയത്. അപ്പോഴൊന്നും അറസ്റ്റിലേക്ക് പോകുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ ചോദ്യം ചെയ്യലിന്  ശേഷം എസ്ഐടി അപ്രതീക്ഷിതമായി തന്ത്രിയെ അറസ്റ്റ് ചെയ്ത് ഞെട്ടിക്കുകയായിരുന്നു. 

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്  നടത്തിയ 'ദൈവതുല്യരായ ആളുകൾ' എന്ന പ്രസ്താവനയോട്, 'ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?' എന്നായിരുന്നു രാജീവരുടെ പ്രതികരണം.

തന്ത്രി കണ്ഠര് മോഹനരും ഇതിനുമുൻപ് മൊഴി നൽകിയിട്ടുണ്ട്. തന്ത്രിയിൽ നിന്ന് കഴിഞ്ഞ നവംബറിലും വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോർഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുൻപ് മൊഴി നൽകിയിരുന്നു. 

ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നൽകുകയാണ് ചെയ്തത്. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ അങ്കിയുടെ നിറം മങ്ങിയതിനാൽ അത് നവീകരിക്കാമെന്ന് അനുമതിയിൽ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി രാജീവര് എസ്.ഐ.ടി.യെ അറിയിച്ചിരുന്നു. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത എല്ലാവരെയും പ്രതിചേര്‍ത്ത് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി അന്വേഷണം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതികളാകും. അറസ്റ്റിലായതോടെ തന്ത്രി കണ്ഠരര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അന്വേഷണത്തിന്‍റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരുംദിവസങ്ങളില്‍ ഇഡി കടന്നേക്കും.  

ENGLISH SUMMARY:

Tantri Kandararu Rajeevaru has been arrested by the SIT in connection with the Sabarimala gold scam. The investigation revealed a long-standing relationship between Rajeevaru and Unnikrishnan Potti, suggesting the Tantri's involvement in the illegal activities.