കാല്‍നടയാത്രക്കാര്‍ സീബ്രാലൈനിലൂടെ സിഗ്നല്‍ വരുമ്പോള്‍ മാത്രം റോഡ് മുറിച്ചുകടക്കുക, എന്ന ബോധവല്‍ക്കരണത്തിനായി കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കിട്ട വിഡിയോയ്ക്ക് ട്രോള്‍. വിഡിയോയില്‍ സീബ്രാലൈനിനു മുന്‍പായി സ്ഥാപിച്ച സ്റ്റോപ് ലൈനും കടന്നാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. അതും സര്‍ക്കാരിന്റെ ആനവണ്ടി പോലും. ഇതിനെതിരെയാണ് ആളുകള്‍ കമന്റുകള്‍ കൊണ്ട് കേരളപൊലീസിനെ എയറില്‍ നിര്‍ത്തുന്നത്.
ആശാനക്ഷരം പിഴച്ചാല്‍ പിന്നെ ശിഷ്യന്‍മാരെന്തു ചെയ്യുമെന്നതാണ് കേരള പൊലീസിനോട് ആളുകള്‍ ചോദിക്കുന്ന ചോദ്യം. ‘അനിയാ നില്‍’ എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസിന്റെ പേജില്‍ വിഡിയോ പങ്കിട്ടിരിക്കുന്നത്. ഹുഡി ധരിച്ച കുട്ടിയെ ഒരാള്‍ പിടിച്ചു നിര്‍ത്തുന്നതും സിഗ്നല്‍ കിട്ടുമ്പോള്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോ കാണാന്‍ രസമായെങ്കിലും കണ്ടന്റ് അത്ര ശരിയായില്ലെന്നാണ് പ്രതികരണം.
ബോധവല്‍ക്കരണ വിഡിയോയിലെങ്കിലും നിയമം പാലിച്ചൂടേയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. പൊലീസ് മാമാ, വണ്ടികള്‍ സ്റ്റോപ് ലൈനില്‍ നിര്‍ത്താനായി ക്ലാസ് എടുക്കാന്‍ പറ്റുമോയെന്നാണ് ഒരാള്‍ ചോദിക്കുന്നത്. സീബ്രാ ലൈനിന് തൊട്ടു മുന്നിലായി അവിടെ ഒരു ലൈൻ വരച്ചിട്ടുണ്ട്. ഡ്രൈവർക്ക് വാഹനത്തിലിരുന്നു ആ ലൈൻ കാണാവുന്ന അകലത്തിൽ വേണം വാഹനം നിർത്താൻ. തെറ്റിച്ചു പഠിപ്പിക്കല്ലേ ചേട്ടാ. കേട്ടിട്ടില്ലേ ആശാനാക്ഷരം ഒന്ന് പിഴച്ചാൽ..എന്ന രീതിയിലും കമന്റുകള്‍ നിറയുകയാണ്.
അതേസമയം സീബ്രാ ലൈനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെടുന്നവരും നിരവധിയുണ്ട്.ട്രാഫിക് വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നും തിരക്കുള്ള ഭാഗങ്ങളില്‍ പെഡെസ്ട്രിയന്‍ റിക്വസ്റ്റ് സ്വിച്ച് ഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. രണ്ടു ലക്ഷത്തിലേറെ ആളുകളാണ് ഇന്നലെ പങ്കുവച്ച ഈ വിഡിയോ കണ്ടുകഴിഞ്ഞത്.