കേരളം ഇന്‍ക്ലൂസിവ് ഇന്നൊവേറ്റിവ് ഹബ്ബ് ആയി മാറുന്നതിന്റെ ചവിട്ടുപടിയാണ് സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയില്‍ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‌സിലിന്റെ (കെ-ഡിസ്‌ക്) ആഭിമുഖ്യത്തിലുള്ള സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ചപരിമിതി ഉള്ളവര്‍ക്കും മറ്റ് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ. സ്‌ട്രൈഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ സാമൂഹ്യ വികസന മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആവാസവ്യവസ്ഥ നിര്‍മ്മിക്കപ്പെടുകയാണ്. പഠന- സഹായ ഉപകരണങ്ങള്‍ എത്തിക്കുന്നതിലൂടെ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കാനാകും. 

ലൈബ്രറി പോലെ പൊതുവിദ്യാഭ്യാസ മേഖലയുമായി അടുത്ത് നില്‍ക്കുന്ന സ്ഥാപനത്തില്‍ ഈ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ കാഴ്ചപരിമിതിയുള്ള കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, അഭിലാഷ് ചന്ദ്രന്‍, പഞ്ചായത്ത് അംഗം അഭിലാഷ് ബാബു, കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഡയറക്ടര്‍ റവ. ഫാ. റോയി എബ്രഹാം പഴയപറമ്പില്‍, ചിറക്കടവ് സെന്റ് എംഫ്രംസ് പള്ളി വികാരി റവ. റെജി മാത്യു വയലുങ്കല്‍, വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാല പ്രസിഡന്റ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബുലാല്‍ പി.കെ, ചിറക്കടവ് സെന്റ് എംഫ്രംസ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ലൗലി ആന്റണി, മുന്‍ പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി എന്നിവര്‍ സംസാരിച്ചു. 

ചടങ്ങില്‍ സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ബ്രെയില്‍ പഠന ഉപകരണങ്ങള്‍ കാളകെട്ടി അസീസി സ്‌കൂള്‍ ഓഫ് ദി ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക എന്ന നവീന ആശയമാണ് സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതി മുന്നോട്ടു വയ്ക്കുന്നതെന്ന് കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു. 

കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയില്‍ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിര്‍മ്മാണവും പഠന പരിപാടികളും മേക്കര്‍ സ്റ്റുഡിയോയുടെ ഭാഗമായി നടക്കും. ഇത്തരത്തില്‍ ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഴ്ചപരിമിതി ഉള്ളവരുടെ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈബ്രറി അധിഷ്ഠിത ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ ഹബ്ബ് ആണ് വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയില്‍ സ്ഥാപിച്ചത്. സെന്റ് ഇംഫ്രേംസ് കമ്മ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കെ-ഡിസ്‌ക് പദ്ധതി നടപ്പാക്കുന്നത്.

ENGLISH SUMMARY:

Stride Maker Studio is an initiative transforming Kerala into an inclusive innovative hub. This project provides assistive technology for visually impaired individuals and establishes an ecosystem for differently-abled children, fostering their independence through specialized learning tools.