പ്രസവം കഴിഞ്ഞതിനു പിന്നാലെ ശരീരത്തിനുള്ളില്‍ കോട്ടണ്‍ തുണി കണ്ട സംഭവത്തില്‍ ദുരനുഭവം പറഞ്ഞ് യുവതി. രക്തസ്രാവം തടയാന്‍ വച്ച തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജിന്‍റെ ചികില്‍സാപ്പിഴവാണ് സംഭവത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മന്ത്രി ഒ.ആര്‍.കേളുവിനും പൊലീസിനും കുടുംബം പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഇതേവരെ ഉണ്ടായില്ലെന്നും യുവതി പറയുന്നു.

‘പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ കടുത്ത വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. ഉള്ളിലെന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടെന്ന് പല തവണ വീട്ടുകാരോട് പറഞ്ഞു. 20 ദിവസത്തിനു ശേഷം ആശുപത്രിയിലെത്തിയും കാര്യം പറഞ്ഞു. ഉള്ള് പരിശോധിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. വെള്ളം കുടിക്കാത്തതുകൊണ്ടാണ് ദുര്‍ഗന്ധം എന്നായിരുന്നു ഡോക്ടറുടെ മറുപടി. തിരിച്ചുവീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദനയും അസ്വസ്ഥതയും ദുര്‍ഗന്ധവും മാറിയില്ല, 75ാം ദിവസം ഒരു കട്ടത്തുണി തനിയേ പുറത്തുവരികയായിരുന്നു’–യുവതി മനോരമന്യൂസിനോട് പറഞ്ഞു.

ഇത്രയും ദിവസം ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ശരീരമാകെ ശോഷിച്ചു പോയ രീതിയിലാണെന്നും യുവതി പറയുന്നു. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി. 

ഒക്ടോബര്‍ 20നാണ് മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21 കാരിയുടെ പ്രസവം നടന്നത്. 25 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 29 നാണ്  തുണി പുറത്തുവന്നത്. ഈ സമയവും കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. രക്തസ്രാവം തടയാന്‍ വെയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാധാരണ പ്രസവമായിരുന്നു യുവതിയുടേത്. 

ENGLISH SUMMARY:

Medical negligence is alleged in a case where a woman experienced severe postpartum complications due to retained cotton cloth inside her body after childbirth. The woman experienced severe abdominal pain and discomfort following the delivery and sought medical attention, but the issue remained unresolved until a piece of cotton cloth was expelled nearly 75 days after childbirth.