ക്രിസ്മസ് അവധിക്കാലവും പുതുവല്‍സരവും കഴിഞ്ഞിട്ടും പിടിതരാതെ കോഴിവില. കിലോയ്ക്ക് 290 രൂപയാണ് കോഴിക്കോട്ടെ മൊത്തവിപണിയിലെ വില. വിലക്കയറ്റത്തിനെതിരെ കടയടപ്പ് സമരത്തിലേക്ക് കടക്കാനാണ് കോഴി കച്ചവടക്കാരുടെ തീരുമാനം.
ചെറുകിട തട്ടുകടക്കാരുടെ അവസ്ഥയാണിത്. കോഴിക്ക് വിലകൂട്ടിയെന്ന് കരുതി പലരും വിഭവങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ല. നേരത്തെ നല്‍കിയിരുന്ന വിലയില്‍ തന്നെ അളവില്‍ കുറവ് വരാതെയാണ് കച്ചവടം. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കടന്നുപോകുമ്പോഴും കോഴിവിലയില്‍ മാറ്റമുണ്ടായില്ല. മൂന്നാഴ്ച മുന്‍പ് 170 രൂപയായിരുന്ന കോഴിവിലയാണ് ഇപ്പോള്‍ 290ലേക്കെത്തിയത്.
വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ട്ടിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും ആരോപണമുണ്ട്. ചിക്കന്‍ വാങ്ങാന്‍ വന്നര്‍ അപ്രതീക്ഷിത വില കേട്ട് ഞെട്ടി. നിലവിലെ സാഹചര്യത്തില്‍ കോഴി വില ഉടന്‍ താഴാന്‍ ഇടയില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവ് വന്നിട്ടില്ല. പിന്നെങ്ങനെ വില കുറയുമെന്നും ഇവര്‍ ചോദിക്കുന്നു.