ഇതാണ് പാർട്ടിയെന്നും, ലക്ഷ്യ 2026 തന്നെയെന്നും ഫെയ്സ്ബുക്കില്‍ കുറിച്ച്,  നേതാക്കള്‍ ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ച് ഷാഫി പറമ്പില്‍ എംപി. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടിപിടിയാണെന്ന സിപിഎം പ്രചാരണത്തിനിടെയാണ്, നേതാക്കള്‍ ഒരുമിച്ചുള്ള ബത്തേരിയിൽ നടന്ന ക്യാംപിലെ ഫോട്ടോ പങ്കിട്ട് എംപി രംഗത്തെത്തിയത്. 

'കെ പി സി സി ലീഡർഷിപ്പ് സമ്മിറ്റ് സമാപനത്തിനോടടുക്കുന്നു. സംഘടനയുടെ കരുത്തും  സംസ്ഥാനത്തിൻ്റെ വളർച്ചയും  ഉറപ്പ് വരുത്തുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുമിച്ചിറങ്ങാം'. – ഷാഫി കുറിച്ചു. 

ലൈൻ തെറ്റി നിന്ന ശശി തരൂരിനെയും പാർട്ടി ലൈനിലെത്തിച്ചാണ് നിയമസഭ പിടിക്കാൻ കോൺഗ്രസ് കച്ച കെട്ടുന്നത്. ബത്തേരിയിൽ നടന്ന ക്യാംപിലാണ് ഏറെ നാളായി മോദി അനുകൂല നിലപാടെടുക്കുന്നുവെന്ന് വിമര്‍ശിക്കപ്പെടുന്ന ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിൽ മഞ്ഞുരുകിയത്. സിപിഎമ്മിനും ബി‌ജെപി ക്കുമെതിരെ സമരം ശക്തമാക്കാനും ബത്തേരി ക്യാംപ് തീരുമാനിച്ചു. 

സ്വർണക്കൊള്ളയിൽ 23 ന് നിയമസഭ മാർച്ചും ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് കേരള യാത്ര നടക്കുമെന്നും ക്യാംപിൽ അവതരിപ്പിച്ച മാർഗരേഖ വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുമെന്ന് വി.ഡ‍ി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് ഇടത്–ബിജെപി നേതാക്കള്‍ യുഡിഎഫിന് ഒപ്പംചേരുമെന്നും അദ്ദേഹം പറഞ്ഞു. 

അടിസ്ഥാനപരമായി പാര്‍ട്ടിയും ഞാനും പറയുന്നത് ഒന്നാണെന്നും 17 വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഒരു തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയുന്നതും എഴുതുന്നതും നിരീക്ഷിച്ചാല്‍ തെറ്റിദ്ധാരണ മാറുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Kerala Congress is aiming for the 2026 elections with a united front. Leaders are resolving differences and strategizing to strengthen the party and address key issues in the state.