തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ശശികുമാര്‍. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, സ്കൂട്ടറിൽനിന്നു റോഡിൽവീണ മധ്യവയസ്കനെ മനഃസാന്നിധ്യം കൈവിടാതെ രക്ഷിച്ചത് കാർ യാത്രക്കാരനാണ്. കഴിഞ്ഞ ദിവസമാണ് സംഭവം.
ചോയ്യംകോടിനടുത്ത് മഞ്ഞാളാംകോട് ഞായർ രാവിലെ എട്ടരയോടെയാണു സംഭവം. കരിന്തളം കൊല്ലംപാറ സ്വദേശിയും ചീമേനിയിലെ റോയൽ ഹോംസ് ഉടമയുമായ മുകേഷ് ഭാസ്കരൻ വീട്ടിൽനിന്നു കടയിലേക്കു പോകുന്നതിനിടെയാണ്, എതിരെ വന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഒരാൾ റോഡിലേക്കു വീഴുന്നതു കണ്ടത്.
മുന്നോട്ടു പോയാൽ റോഡിൽ വീണയാളുടെ ദേഹത്തു കാർ കയറും, ഇടതുഭാഗത്ത് റോഡരികിൽ വൈദ്യുതത്തൂണും. മനസ്സാന്നിധ്യം കൈവിടാതെ സെക്കൻഡുകൾക്കുള്ളിൽ മുകേഷ് കാർ റോഡിനു പുറത്തേക്കു വെട്ടിച്ചു. മതിലിലിടിച്ചാണു കാർ നിന്നത്. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാർ വെട്ടിച്ചതു കൊണ്ടാണു റോഡിൽ വീണ ചായ്യോത്ത് പെൻഷൻമുക്ക് സ്വദേശിയും കാസർകോട് അരമന ജ്വല്ലറി ജീവനക്കാരനുമായ വി.വി.ശശികുമാർ തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.