തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഇരുചക്രവാഹന പാർക്കിങ് കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു. പാർക്കിങ് ഷെഡ് പൂർണ്ണമായും കത്തിയമർന്നെങ്കിലും ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായി. പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകിക്കൊണ്ടിരുന്ന രണ്ട് സ്ത്രീ ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ ഓടി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ ലൈനിൽ നിന്ന് ബൈക്കുകളിലേക്ക് തീ വീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് കണ്ടയുടൻ വെള്ളമൊഴിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന റെയിൽവേ എൻജിനിലേക്ക് തീ പടർന്നത് വലിയ ആശങ്കയുണ്ടാക്കിയെങ്കിലും ഫയർഫോഴ്‌സ് ഉടൻ എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ട്രെയിനിന്റെ എൻജിന് തീപിടിച്ചെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ അറിയിച്ചു. ഇലക്ട്രിക് സ്പാർക്ക് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.