TOPICS COVERED

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എംഎല്‍എ ആന്‍റണി രാജുവിനും കൂട്ടുപ്രതി കെ.എ. ജോസിനും മൂന്നു വര്‍ഷം തടവ് ശിക്ഷ കിട്ടിയ സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും ആന്‍റണി രാജു പറഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. 

'പിന്നേ... നിരപരാധികൾ മുഴുവൻ അടിവസ്ത്രം കക്കാൻ നടക്കുകയല്ലേ?.. ആന്‍റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയാലും രാഷ്ട്രീയ പ്രേരിതമാകുമത്രേ! രാഷ്ട്രീയം നോക്കിയാണോ ഇയാളൊക്കെ തൊണ്ടിമുതൽ കാക്കാനിറങ്ങുന്നത്'– ജിന്‍റെ പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.   

നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റണി രാജുവിനെതിരെ വിധി പറഞ്ഞത്. വിധിയോടെ തിരുവനന്തരപുരം എംഎല്‍എയായ ആന്‍റണി രാജു അയോഗ്യനാകും. അതായത് അടുത്ത തിരഞ്ഞെടുപ്പ് മത്സരിക്കാനോ എംഎൽഎ ആയിട്ട് ഇരിക്കാനോ അദ്ദേഹത്തിന് സാധിക്കില്ല. 

നാലു വകുപ്പുകള്‍ പ്രകാരമാണ് ആന്‍റണി രാജുവിന് ശിക്ഷ വിധിച്ചത്. ഐപിസി 201 പ്രകാരം മൂന്ന് വർഷവും ഗൂഢാലോചനയ്ക്ക് ആറ് മാസവും ഐപിസി 465 പ്രകാരം രണ്ടു വർഷവും ഐപിസി 409 പ്രകാരം ഒരു വര്‍ഷവുമാണ് ശിക്ഷ. ഏതാണ്ട് ആറര വർഷത്തോളം തടവ് വരുമെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാല്‍ ഏറ്റവും കൂടുതൽ ശിക്ഷാ കാലാവധിയായ മൂന്നു വര്‍ഷം തടവ് അനുവദിച്ചാല്‍ മതിയാകും. 

അതേസമയം, ആന്‍റണി രാജുവിന് ജയിലില്‍ പോകേണ്ടി വരില്ല. മൂന്നു വര്‍ഷം വരെയുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ കോടതിക്ക് തന്നെ ജാമ്യം അനുവദിക്കാന്‍ സാധിക്കും. 

ലഹരി കേസിലെ പ്രതിയെ രക്ഷിക്കാന്‍ മുന്‍മന്ത്രി കൂടിയായ ആന്‍റണി രാജു എം.എല്‍.എ കോടതിക്കുള്ളില്‍ നിന്ന് തൊണ്ടിമുതല്‍ തട്ടിയെടുത്ത് കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. 36 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ആന്‍റണി രാജുവിനെയും കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. 

ഹാഷിഷ് കടത്തിയതിന് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെതിരായ പ്രധാന തെളിവായ അടിവസ്ത്രമാണ് അന്ന് അഭിഭാഷകനായിരുന്നു ആന്‍റണി രാജു വെട്ടിത്തയിച്ച് രൂപമാറ്റം വരുത്തി കേസ് അട്ടിമറിച്ചത്. പ്രോസിക്യൂഷൻ ആവശ്യത്തിനൊപ്പം സ്വകാര്യ ഹർജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. 

1990 ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

ENGLISH SUMMARY:

Antony Raju conviction involves a three-year jail sentence for evidence tampering. The case has sparked political reactions, with a Congress leader criticizing Antony Raju's actions.