കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്നു കൂത്താട്ടുകുളം നഗരസഭ 26–ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായുള്ള മായ.വിയുടെ മല്‍സരം. സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം മായയായിരുന്നു താരം. പക്ഷേ തിരഞ്ഞെടുപ്പില്‍ തോറ്റു. ഇപ്പോളിതാ തോല്‍വിക്ക് ശേഷമുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മായ. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം. വിഡിയോ തുടങ്ങുമ്പോള്‍ കണ്ണുനിറഞ്ഞെത്തുന്ന മായ ഒരുഘട്ടത്തില്‍ പൊട്ടിക്കരഞ്ഞു.
ഇൻ ബോക്സിലും കമന്റ് ബോക്സിലും അസഭ്യവര്‍ഷമാണ്. താന്‍ കമ്മിയാണെന്ന് പറഞ്ഞാണ് ആക്രമണം. സ്വതന്ത്രയായി മല്‍സരച്ചിരുന്നെങ്കില്‍ ജയിച്ചേനെ. മറ്റതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും അതുതന്നെ സംഭവിച്ചേനെ. മെസേജ് അയക്കുന്നവരോടും കമന്‍റ് ചെയ്യുന്നവരോടും ദേഷ്യത്തില്‍ എന്തെല്ലാമോ പറഞ്ഞിട്ടുണ്ട് ക്ഷമിക്കണം. ഇതുപറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ മായ പൊട്ടിക്കരഞ്ഞു. പിന്നെയാണ് ട്വിസ്റ്റ്.
താൻ ഇങ്ങനെ കരയും ക്ഷമ പറയും എന്നൊക്കെ കരുതിയതെങ്കില്‍ തെറ്റിയെന്നാണ് അടുത്ത ഡയലോഗ്. ‘ഞാൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് നിന്നത്. ആ പാർട്ടി എന്‍റെ കൂടെ തന്നെ കാണും, ഞാനും. കമന്‍റ് ബോക്സിൽ കുറെ ചേട്ടന്മാർ പൊട്ടിക്കരഞ്ഞുകൂടേ എന്ന് ചോദിക്കുന്നുണ്ട്. അങ്ങനെ കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന ആളല്ല ഞാന്‍. എനിക്ക് ഇപ്പോൾ അതിനുള്ള സമയവുമില്ല. ഈ കമന്റ് ഇടുന്ന ചേട്ടന്മാര്‍ നിങ്ങളുടെ വിജയ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ ഇട്ടിട്ട് എന്തെങ്കിലും പറഞ്ഞോ കുഴപ്പമില്ല. ഞാൻ ജീവിതത്തിൽ ഒരുപാടിടത്ത് തോറ്റിട്ടുള്ള ആളാണ്’ മായ പറയുന്നു.
‘ഇൻബോക്സിലും കമന്റ് ബോക്സിലും മെസ്സേജ് അയക്കുന്ന ചേട്ടന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങൾ അക്കൗണ്ട് പൂട്ടി വെച്ചിരിക്കുകയാണ്. ഒരു സ്ത്രീയായ ഞാൻ വരെ എന്‍റെ അക്കൗണ്ട് പബ്ലിക് ആക്കി വെച്ചിരിക്കുകയാണ്. കാരണം നിങ്ങൾ നാട്ടിലും വീട്ടിലും എല്ലാം അത്രയേ ഉള്ളൂ. പക്ഷേ എന്നെ സംബന്ധിച്ച് എന്നെ പഠിപ്പിച്ച ഗുരുക്കന്മാരും ഭര്‍ത്താവിന്‍റെ വീട്ടുകാരും എന്‍റെ വീട്ടുകാരും സുഹൃത്തിക്കളും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരും ഇതിലുണ്ട്. പിന്നെ നിങ്ങളെ പോലെ കുറച്ച് ചൊറിച്ചിലുള്ള ആളുകളും. അവർക്ക് ഞാന്‍ ഒരു റെസ്പെക്ട് കൊടുക്കുന്നുണ്ട്. അതിനാലാണ് പലതിനും മറുപടി പറയാത്തത്’ മായ പറയുന്നു.
‘ഞാൻ മറ്റുള്ളവരുടെ രാഷ്ട്രീയത്തെയും അവരുടെ മതത്തെയും പണത്തെയും എല്ലാം ബഹുമാനിക്കുന്ന ഒരാളാണ്. അത് തിരിച്ച് എനിക്ക് വേണം എന്നുള്ളത് കൊണ്ടാണ്. പക്ഷേ ഇതൊന്നും അറിയാതെ. ചില ചേട്ടന്മാര്‍ പറയുന്നു... അടിമ എന്നൊക്കെ. ഞാൻ അടിമയല്ല. അടിമ ആയിരുന്നെങ്കിൽ ഞാൻ നിങ്ങൾ പറയുമ്പോൾ കുമ്പിട്ട് തല കുനിച്ചു നില്‍ക്കുമായികുന്നു. ഞാൻ അടിമയല്ല ഞാൻ തലയുയര്‍ത്തി നിൽക്കും. തോറ്റു തുന്നാൻ പാടി, എയറിൽ ആണെന്ന് പറയുന്ന ചേട്ടന്മാരോട് ആണ്... എയറിൽ ആണെങ്കിലും നിങ്ങളുടെ തല പതിയെ ഒന്ന് പൊക്കി ഉയരത്തിലേക്ക് നോക്കിയാലേ എന്നെ കാണാൻ പറ്റുകയുള്ളൂ. നിങ്ങൾ വീട്ടിലെ ഫ്രസ്റ്റേഷനും ദേഷ്യവും വീട്ടിൽ പറയാൻ പറ്റാത്ത തെറികളും പുതിയ തെറികളുമെല്ലാം എനിക്ക് കമന്റ്ിടുന്നുണ്ട്. നിങ്ങളുടെ ഓരോ കമന്റുകൾ ആണ് മോണിറ്റൈസേഷൻ ആയി എന്‍റെ അക്കൗണ്ടിലേക്ക് പേയ്മെന്റ് ആയി വരുന്നത്. അപ്പോള്‍ സന്തോഷത്തോടെ ഇരിക്കുക. എന്നെ ചേര്‍ത്തുപിടിക്കുന്ന, സ്നേഹിക്കുന്ന ആളുകള്‍ക്ക് നന്ദി’ മായ വിഡിയോ അവസാനിപ്പിക്കുന്നു.
മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയാണ് മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത്. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ 149 വോട്ടിനാണ് ജയിച്ചത്.