കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി വീല്‍ ചെയറുകള്‍ നൽകി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടി വെള്ളൂർ ഗുഡ് ന്യൂസ് അമ്മ വീട്ടിൽ വച്ചായിരുന്നു വിതരണം നടന്നത്.
വീല്‍ ചെയറുകളുടെ വിതരണ ഉദ്ഘാടനം ഇന്‍റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്‍ സെക്രട്ടറിയായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവ്വഹിച്ചു. മമ്മൂട്ടി 16 വർഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന കെയർ & ഷെയർ ഫൗണ്ടേഷനിലൂടെ ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിച്ചിട്ടുണ്ട് എന്നാല്‍ ഒരു ചടങ്ങിൽ നേരിട്ട് സംബന്ധിക്കുവാൻ സാധിച്ചത് ഇന്ന് മാത്രമാണ്. ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഇതിനെ കാണുന്നുവെന്നും മാർ കൂവക്കാട്ട് പറഞ്ഞു. ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടർന്നും സർവ്വേശ്വരൻ നൽകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയർ & ഷെയർ സംഘത്തിന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്‌തുതയാണ്. മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതൽ മനസ്സുമാണ് ഇതിനെല്ലാം മുഖാന്തിരമായിക്കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നുണ്ട് എന്നും കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
ചടങ്ങ്, കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടും കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ് കൊറോസും പാല ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീമദ്വീത സംഗാനന്ദ സ്വാമികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കുട്ടിക്കാനം മരിയൻ കോളജ്, മുൻ പ്രിൻസിപ്പാൾ ഡോ. റൂബിൾ രാജ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ റോയി മാത്യു വടക്കേൽ, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ശ്രീ ജോർജ് വർഗീസ് നെടുമാവ് എന്നിവർ പ്രസംഗിച്ചു.