palakkad-vd-satheesan

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീശന്‍. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്.ഐ.ടിയില്‍ നിയോഗിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സി.പി.എമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്. 

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാള്‍ ശ്രമിക്കുന്നെന്ന് കഴിഞ്ഞ ദിവസം ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. 

എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

Sabarimala gold scam investigation faces controversy due to alleged CPM influence. The investigation's integrity is questioned by the opposition leader, urging the High Court to intervene and ensure a fair probe.