പാലക്കാട് ജില്ലാ ആശുപത്രിയുടെ ചികിത്സ പിഴവിൽ കൈ നഷ്ടപ്പെട്ട പല്ലശ്ശനയിലെ 9 വയസ്സുകാരിയുടെ കുടുംബം ഇന്ന് കൃത്രിമ കൈതേടിയുള്ള നെട്ടോട്ടത്തിലാണ്. ആശുപത്രിയുടെ ഗുരുതര അനാസ്ഥയായിട്ടും കൃത്രിമ കൈവെക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതാണ് ദുരിതം കാരണം
കഴിഞ്ഞ ഒക്ടോബറിലാണ് വിനോദിനിക്ക് വലതു കൈ നഷ്ടപ്പെട്ടത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് വേണ്ടത്ര ചികിത്സ കിട്ടാത്തതാണ് ഈ കൊടിയ ദുരിതത്തിന് കാരണമായത്. ചികിത്സയൊക്കെ പൂർത്തിയാക്കി 9 വയസ്സുകാരി മേനോൻപാറയിലെ വീട്ടിലുണ്ട്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും തളരാതെ നിൽക്കണമെങ്കിൽ വിനോദിനിക്ക് ഒരു താങ്ങ് വേണം, കൃത്രിമ കൈ വേണം.
അധികൃതർ ആരും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കണമെങ്കിൽ വൻ ചിലവ് വരും. ഷീറ്റ് മേഞ്ഞ വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് അത് താങ്ങില്ല. കാര്യമറിയിച്ച് കുടുംബം ജനപ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സമീപിച്ചിട്ടുണ്ട്. ജില്ലാ കലക്ടർക്ക് ഇന്നലെ നിവേദനം കൈമാറി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 2 ലക്ഷം രൂപ ഇതുവരെ ഉണ്ടായ ചിലവിനു പോലും ആയിട്ടില്ല.