മദ്യനയത്തിലെ നയം മാറ്റത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. പുതുവൽസര രാത്രിയിൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ്. സർക്കാർ പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടൽ മൽസരം പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ബാറുടമകളുടെ ആവശ്യപ്രകാരം പുതുവൽസര രാത്രിയിൽ ബാറുകൾക്ക് രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് മദ്യ നയങ്ങൾക്ക് വിരുദ്ധമെന്നാണ് വിമർശനം. സർക്കാരിൻ്റെ നിലപാട് മാറ്റം തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടെന്ന കടുത്ത ആരോപണം ഉയർത്തുന്നു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി.
പാലക്കാട് മേനോൻപാറ മലബാർ ഡിസ്ലറീസിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും ഗുരുതര തെറ്റാണ്. മൽസരം അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നും എക്സൈസ് മന്ത്രി ഇക്കാര്യങ്ങളിൽ മറുപടി പറയണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെടുന്നു. സർക്കാരിൻ്റെ മദ്യനയത്തിലും നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങളിലെ നിലപാട് മാറ്റത്തിലും കടുത്ത വിമർശനമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉയർത്തുന്നത്.
ക്യാപ്റ്റനെന്നും, ഡബിൾ ചങ്കനെന്നും, സഖാവെന്നും, പോറ്റിയെന്നും തുടങ്ങി തോരാ മഴ പോലെ പുതിയ ബ്രാൻഡിന് പേര് നൽകിയ പൊതുജനങ്ങളും ബവ്കോയ്ക്കും സർക്കാരിനുമെതിരെ ആക്ഷേപ വിമർശനം ഉയർത്തുകയാണ്. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് വിനോദ സഞ്ചാര വകുപ്പിൻ്റെ പേരിൽ ബാറുകൾക്ക് സമയം കൂട്ടി നൽകിയ ഉത്തരവിൽ സി.പി.എം നേതൃത്വവും സർക്കാരും കടുത്ത പ്രതിസന്ധിയിലായി. പേരിടൽ ചടങ്ങിലെ പൊല്ലാപ്പ് ബവ്കോയ്ക്ക് നൽകിയ ക്ഷീണവും ചില്ലറയല്ല. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.