പുതുവർഷാഘോഷങ്ങളുടെ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഫോർട്ട് കൊച്ചിയിൽ പൂർത്തിയായി. ഇക്കുറി പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. തിരക്ക് കാരണം മുൻവർഷങ്ങളിൽ പലർക്കും ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷം നല്ല അനുഭവങ്ങളല്ല സമ്മാനിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ പുതുവർഷാഘോഷങ്ങളുടെ പ്രധാന കേന്ദ്രം ഏതാണെന്ന് ചോദിച്ചാൽ ഒരു നിമിഷംപോലും വൈകാതെ പറയാം അത് ഫോർട്ട് കൊച്ചിയാണ്. ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം പപ്പാഞ്ഞിയെ കത്തിക്കലാണ്. വിദേശികളടക്കം പതിനായിരങ്ങൾ ഇന്ന് ഫോർട്ട് കൊച്ചിയിലേക്ക് എത്തും.എന്നാൽ സ്ഥലസൗകര്യമില്ലാത്ത വീർപ്പുമുട്ടുന്ന ഫോർട്ട്കൊച്ചി എത്ര പേരെ ഉൾക്കൊള്ളും?
പണ്ട് ഒരിടത്തായിരുന്നു പപ്പാഞ്ഞിയെ കത്തിച്ചിരുന്നത് എങ്കിൽ ഇന്നത് രണ്ടിടത്താണ്. അതിൽ ഒന്നാമത്തെ സ്ഥലം പരേഡ് ഗ്രൗണ്ടാണ്. കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പപ്പാഞ്ഞിയെ കത്തിക്കൽ. പരേഡ് ഗ്രൗണ്ടിന് അകത്തും പുറത്തുംനിന്ന് വ്യക്തമായി ഇത് കാണാം. ഇന്ന് 12 മണി വരെ നീണ്ടുനിൽക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലാണ് രണ്ടാമത്തെ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഗാല ഡി ഫോർട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പരിപാടികൾ. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി ഇവിടെ പരിപാടികൾ തുടരുകയാണ്. ഏറെ പ്രശസ്തമായ മഴ മരവും ഈ മൈതാനത്താണ്.
എങ്ങനെ ഫോർട്ട് കൊച്ചിയിലേക്ക് എത്താം?
വെറുതെ എപ്പോഴെങ്കിലും കയ്യുംവീശി വന്നാൽ എത്തിപ്പെടുക എളുപ്പമല്ല. എത്രയും നേരത്തെ എത്തുക, കാരണം ശക്തമായ നിയന്ത്രണങ്ങളാണ് ഇക്കുറിയും ഏർപ്പെടുത്തിയിട്ടുള്ളത്. കൊച്ചി നഗരത്തിലൂടെ വരുന്നവർക്ക് രണ്ടു വഴിയിലൂടെയാണ് ഫോർട്ട് കൊച്ചിയിലേക്ക് എത്താൻ പറ്റുക.
ഒന്നാമത്തേത് തോപ്പുംപടി ഹാർബർ പാലമോ, ബിഒടി പാലമോ കടന്ന് ഫോർട്ട് കൊച്ചിയിലേക്ക് വരാം. അതല്ലെങ്കിൽ ബോട്ടോ, വാട്ടർ മെട്രോയോ, റോ-റോ സർവീസോ ഉപയോഗിച്ച് എത്താം. ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്നവർക്ക് അരൂർ - തോപ്പുംപടി വഴിയും, ചെല്ലാനം തീരദേശപാത വഴിയും ഫോർട്ട് കൊച്ചിയിലെത്താം
എന്തൊക്കെ ശ്രദ്ധിക്കണം?
നാല് മണിക്ക് ശേഷം വാഹനങ്ങൾ ഫോർട്ട് കൊച്ചിയിലേക്ക് കടത്തിവിടില്ല. റോഡ് അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ല. 28 ഇടത്താണ് പാർക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ സ്ഥലങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ ബിഒടി പാലത്തിലും, ഇടക്കൊച്ചിയിലും വാഹനങ്ങൾ തടയും.
പിന്നെ ഇങ്ങോട്ടേക്ക് നാലഞ്ച് കിലോമീറ്റർ നടന്നു വരികയേ രക്ഷയുള്ളൂ. അതുകൊണ്ട് നേരത്തെ എത്തി വാഹനങ്ങൾ പാർക്ക് ചെയ്തു കഴിഞ്ഞാൽ ഗുണമാണ്. എന്നാൽ രാത്രി പരിപാടി കഴിഞ്ഞാൽ പെട്ടെന്ന് എടുത്തുകൊണ്ടു പോകാൻ പറ്റും എന്ന് കരുതരുത്. ഏറ്റവും കുറഞ്ഞത് മൂന്നു മണിയെങ്കിലും ആകാതെ വാഹനത്തിൽ പുറത്തു കടക്കുക അസാധ്യമാണ്.
വൈപ്പിനിൽ നിന്നുള്ള റോ റോ സർവീസ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും. രാത്രി 7 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് ആളുകളെ കൊണ്ടുപോകാൻ മാത്രമായിരിക്കും സർവീസ് നടത്തുക. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ബോട്ടുകളും, വാട്ടർ മെട്രോയും വൈകുന്നേരം 7 മണി വരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തുകയുള്ളൂ. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ മട്ടാഞ്ചേരി കൊച്ചിൻ കോളജിൽ നിന്നായിരിക്കും ബസ്സുകൾ സർവീസ് നടത്തുക
1200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പരേഡ് ഗ്രൗണ്ടും, വെളി ഗ്രൗണ്ടും ഇരട്ട ബാരിക്കേഡുകളാൽ സുരക്ഷിതമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറ അടക്കമുള്ള സംവിധാനങ്ങളും തയ്യാറാണ്. ഇവിടെ എത്തി എന്തെങ്കിലും പ്രശ്നം കാണിക്കുന്നവർ ഉടൻതന്നെ സർക്കാരിൻ്റെ അതിഥിയായി മാറും എന്നതിൽ ഒരു സംശയവുമില്ല