Untitled design - 1

ആർ. ശ്രീലേഖ - വി.കെ. പ്രശാന്ത് വിഷയത്തിൽ മേയർ വിവി രാജേഷ് സ്വീകരിച്ച നയത്തെ പ്രശംസിച്ച് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. അനന്തപുരിയുടെ പുതിയ മേയറുടെ ചില പത്രസമ്മേളനങ്ങൾ കണ്ടുവെന്നും, പക്വതയുള്ള പ്രതികരണങ്ങൾ നന്നാവുന്നുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ഈ ടെംപോ തുടരുക എന്നതാണ് പ്രധാനം. രാഷ്ട്രീയ എതിരാളികളെ  വെറുപ്പിക്കാതെ മുന്നോട്ടുപോവുക എന്നത് ആരെ സംബന്ധിച്ചായാലും ശ്രമകരമാണ്. ഭരണസമിതിയിലെ മറ്റുള്ളവർ ചെയ്യുന്ന പല പ്രവൃത്തികൾക്കും പലപ്പോഴും സമാധാനം പറയേണ്ടി വരുന്നതും ന്യായീകരിക്കേണ്ടി വരുന്നതും മേയർ ആയിരിക്കും. അത്തരം  സന്ദർഭങ്ങളിൽ സ്വന്തം പക്ഷത്തുള്ളവരെ സംരക്ഷിക്കുകയും വേണം, അതേസമയം എതിർപക്ഷത്തുള്ളവരുടെ വെറുപ്പ് ഒന്നാകെ വിളിച്ചുവരുത്തുകയുമരുത്. അവിടെയാണ് രാഷ്ട്രീയ പക്വതയും,

അനുഭവസമ്പത്തും, പ്രത്യുത്പന്നമതിത്വവും ഒക്കെ വിഷയങ്ങൾ ആകുന്നത്. ആർ. ശ്രീലേഖ - വി.കെ. പ്രശാന്ത് വിഷയത്തിൽ ഈ നയമാണ് ഇന്ന് മേയർ സ്വീകരിച്ചു കണ്ടത്. ഇവിടെ ശ്രീലേഖ മാഡത്തിൻ്റെ രാഷ്ട്രീയ പരിചയക്കുറവ് പ്രതിഫലിക്കുന്നുണ്ട്. ഇതാണ് രാഷ്ട്രീയം എന്ന് മാഡം പഠിച്ചു തുടങ്ങുന്നതേയുള്ളൂ.

ഇന്നലെവരെ ഉണ്ടായിരുന്ന അനുജൻ - ചേച്ചി ബന്ധങ്ങളൊക്കെ  രാഷ്ട്രീയ എതിർപക്ഷത്തേക്ക് പോകുമ്പോൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഒന്നാണ് എന്ന് ഇതോടെ അവർക്ക് മനസ്സിലായിക്കാണണം. അതാണ് രാഷ്ട്രീയം. ആ രാഷ്ട്രീയം വി കെ പ്രശാന്തിന് നന്നായി അറിയാം. ഇവിടെ ശ്രീലേഖ മാഡത്തിന്  രാഷ്ട്രീയമായ പിഴവ് സംഭവിച്ചു എന്നു തന്നെ പറയേണ്ടിവരും.

കാര്യം ഗൗരവമുള്ളതാക്കാൻ സൈബർ സമൂഹവും മാധ്യമ സമൂഹവും ചുറ്റിലുമുണ്ട്.  നിലവിൽ കോർപ്പറേഷന്റെ കെട്ടിടത്തിലെ എംഎൽഎയുടെ മുറിയുടെ റിസപ്ഷനിലൂടെ കടന്നുവേണം കൗൺസിലറുടെ ചെറിയ മുറിയിലേക്ക് പോകാൻ.

അവിടെ ബാത്റൂം സൗകര്യം നിലവിൽ പരിമിതപ്പെട്ടിരിക്കുന്നു. ഫയലുകളും മറ്റും കൂടിക്കിടക്കുകയാണ് അവിടെ. ശ്രീലേഖ  മാഡം മുൻ കൗൺസിലറുമായി സംസാരിച്ച ശേഷം ചേച്ചി  - അനുജൻ ബന്ധത്തിൻറെ പുറത്ത് എംഎൽഎയെ വിളിക്കുന്നു. കൗൺസിലറുടെ ടോൺ മോശമായിരുന്നു എന്ന് എംഎൽഎ.

താൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും എംഎൽഎയുടെ പ്രതികരണമായിരുന്നു മോശമെന്നും കൗൺസിലർ. കോൾ റെക്കോർഡ് ഉണ്ടെന്ന് എംഎൽഎ.തനിക്ക് കോൾ റെക്കോഡ് ചെയ്യുന്ന രീതിയില്ലെന്നും എം.എൽ.യുടെ ഫോണിലേത് പരിശോധിക്കൂ എന്നും കൗൺസിലർ.

ഇതിനിടെ കൗൺസിലർ എംഎൽഎയെ നേരിൽ കാണുന്നു. എന്തുകൊണ്ടാണ് താനീ ആവശ്യം ഉന്നയിക്കുന്നതെന്ന് വീണ്ടും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.ഒടുവിൽ തങ്ങൾ ഒന്നാണ് എന്ന് എംഎൽഎയെ ചേർന്നു നിന്ന് കൗൺസിലർ മാധ്യമങ്ങളെ അറിയിക്കുന്നു.

എന്നാൽ എംഎൽഎ  രാഷ്ട്രീയപരമായി തന്നെ അതിനെ നേരിടുന്നു. കൗൺസിലർ എന്നാൽ എംഎൽഎക്ക് മുകളിലല്ലെന്നും താൻ മുൻ മേയർ ആയിരുന്ന ആളാണെന്നും  കോർപ്പറേഷനുമായി വാടക കരാർ ഉണ്ടെന്നും മൂന്നുമാസം വരെ എന്തായാലും മാറില്ലെന്നും അതുകഴിഞ്ഞാൽ ആലോചിച്ചു നിയമവഴി സ്വീകരിക്കുമെന്നും കൗൺസിലർക്ക് മേയർ ആകാത്തതിന്റെ പ്രശ്നമാണെന്നും ഒക്കെ അദ്ദേഹം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നു.

അത്രയും രൂക്ഷമായി അദ്ദേഹം പോകേണ്ടിയിരുന്നില്ല. കൗൺസിലർ തന്നെ നേരിട്ട് വന്നു കണ്ട സ്ഥിതിക്ക് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കും എന്നു പറഞ്ഞിരുന്നെങ്കിൽഅത് കൂടുതൽ സ്വീകാര്യമായേനെ. പ്രാഥമികമായ തെറ്റ് സംഭവിച്ചത് കൗൺസിലർക്ക് തന്നെയാണ്.

അവർ ബന്ധങ്ങളെ ആശ്രയിക്കാതെ, വിവരം മേയറോട് പറഞ്ഞ് , മേയർ സെക്രട്ടറിയുമായും ഭരണസമിതിയുമായും ഒക്കെ ആലോചിച്ച ശേഷം തീരുമാനമെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇത്.

മൂന്നു മാസം മാത്രം അവശേഷിക്കെ ഒഴിഞ്ഞുകൂടെ എന്ന് ചോദിച്ചതു പോലും ശരിയല്ല. അതുവരെ ക്ഷമിക്കാമായിരുന്നു. അതാണ് രാഷ്ട്രീയപരിചയം ഇല്ലായ്മയുടെ പ്രശ്നം. ആൻ്റിബയോട്ടിക്സ്  കഴിക്കാനുള്ളതുകൊണ്ടുംഒരു പാലുകാച്ചിൽ പങ്കെടുക്കേണ്ടതു കൊണ്ടുമാണ് പെട്ടെന്ന് തിരിച്ചുവരണമെന്ന ഉദ്ദേശത്തിൽ താൻ സത്യപ്രതിജ്ഞ പൂർത്തിയാകും മുമ്പ് പോയത് എന്നും അതും മാധ്യമങ്ങൾ വിവാദമാക്കുകയായിരുന്നു എന്നും കൗൺസിലർ പറയുകയുണ്ടായി.

അതും രാഷ്ട്രീയ പക്വതയില്ലായ്മയുടെ പ്രശ്നമാണ്. പാലുകാച്ചിനേക്കാൾ പ്രധാനമാണ് സത്യപ്രതിജ്ഞാ ചടങ്ങ് എന്നും ആൻ്റിബയോട്ടിക്സ് ആരോടെങ്കിലും പറഞ്ഞ് കോർപ്പറേഷൻ കെട്ടിടത്തിലേക്ക് വരുത്തേണ്ടിയിരുന്നുവെന്നും ഒന്നും ചിന്തിക്കാനുള്ള രാഷ്ട്രീയ പരിചയം 

കൗൺസിലർക്ക് ഇല്ലാതെ പോയി.

ഇരു കൂട്ടരും ഓഫീസ് എടുത്തിരിക്കുന്നത്  പൊതു ജനത്തിന് വേണ്ടിയാണ്. പക്ഷേ ഇവിടെ കൗൺസിലറുടെ ഒരു വാദം ശരിയാണ്.

എം.എൽ.എയ്ക്ക്  മണ്ഡലത്തിൽ എവിടെയും ഓഫീസ്  കിട്ടും. മൂന്നു മാസം കഴിഞ്ഞാൽ നിയമപരമായി നീങ്ങും എന്നൊക്കെ എം .എൽ.എയ്ക്ക് വെറുതേ പറയാം എന്നല്ലാതെ ഏത് കോടതിയും അംഗീകരിക്കുക ഇക്കാര്യത്തിൽ കൗൺസിൽ തീരുമാനം മാത്രമായിരിക്കും.

മൂന്നുമാസം കഴിഞ്ഞ് എന്ത് സംഭവിക്കുക എന്നതും ഇപ്പോഴേ പറയാൻ കഴിയുന്നതല്ലല്ലോ! എന്തായാലും പ്രശ്നം രമ്യമായി പരിഹരിക്കുക എന്ന ചുമതല ഒടുവിൽ മേയറുടെ ചുമലിലായി എന്ന് പറയാം. അതങ്ങനെയേ വരികയുമുള്ളൂ. എല്ലാം രമ്യമായി പരിഹരിക്കപ്പെടട്ടെ'.– അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Political maturity is key in resolving disputes. This article analyzes the recent conflict between R. Sreelekha and V.K. Prasanth, highlighting the importance of experience and diplomacy in local governance.