TOPICS COVERED

എഎ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചും, അദ്ദേഹത്തെ പിന്തുണച്ചും ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍. ഈ കൈപിടിച്ചിരിക്കുന്ന മനുഷ്യർക്കിടയിൽ പരസ്പരം മനസ്സിലാവുന്ന ഒരു ഭാഷ ഇല്ലെന്ന് എഎ റഹിം കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. 

'കന്നഡ റഹീമിനോ അതല്ലാതെ മറ്റൊരു ഭാഷ ആ കൈപിടിച്ചിരിക്കുന്ന മനുഷ്യർക്കോ അറിയില്ല.എങ്കിലും, ഒരുമിച്ചു പിടിച്ചിരിക്കുന്ന ആ കൈകൾ കൊണ്ട് അവർ ഭാഷയില്ലാതെ സംസാരിക്കുന്നു, സഹോദര്യപ്പെടുന്നു. നഷ്ടങ്ങളുടെ അറ്റത്തു വീണുകിടക്കുന്ന മനുഷ്യരോട് സംസാരിക്കാൻ അവരുടെ വേദന തിരിച്ചറിയുന്ന രാഷ്ട്രീയം മാത്രം മതി, അതിലും വലിയൊരു ഭാഷ അവർക്കിടയിൽ ഇല്ല'.– അദ്ദേഹം വ്യക്തമാക്കുന്നു.

തനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും റഹീം പ്രതികരിച്ചിരുന്നു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ കോൺഗ്രസിലുണ്ടായിട്ടും അവരെ ആരെയും ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ കണ്ടിട്ടില്ല എന്നും റഹീം പറ​ഞ്ഞു.

ഇന്നലെ കർണാടകയിൽ അനധികൃത കൈയേറ്റത്തിൻ്റെ പേരിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റഹീമിൻ്റെ ഇംഗ്ലീഷിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടിയയായിരുന്നു ട്രോളുകൾ. 

റഹീമിനെതിരായ സൈബര്‍ ആക്രമണത്തില്‍, പരോക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. കോൺഗ്രസിനെ വിമർശിച്ചുകൊണ്ടാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. ബാബരി മസ്ജിദ് ആക്രമണം നടക്കുന്ന സമയത്ത് 17 ഭാഷകള്‍ അറിയുന്ന അന്നത്തെ പ്രധാനമന്ത്രി നരസിഹറാവു ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ല എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫെയ്സ്‌ബുക്ക് പോസ്റ്റ്.  

ENGLISH SUMMARY:

AA Rahim is facing cyber attacks for his English language skills, and Shibu Gopalakrishnan has come out in his support. The digital content creator criticized those attacking Rahim, emphasizing that compassion transcends language barriers in times of hardship.