21 മണിക്കൂര്‍ നാട്ടുകാരും പൊലീസും ഓടിയോടി തിരഞ്ഞത് കുഞ്ഞുസുഹാനെ ഈ വിധം കാണാനായിരുന്നില്ല, എവിടെയെങ്കിലും വഴിതെറ്റിപ്പോയതോ, പേടിച്ച് ഒളിച്ചിരിക്കുന്നതോ, അടച്ചിട്ട ക്വാര്‍ട്ടേഴ്സിനു പുറകില്‍ മറഞ്ഞിരിക്കുന്നതോ ആവണമെന്ന് ആശിച്ചായിരുന്നു ഒരോ മനസും അവനുവേണ്ടി നിന്നത്, പക്ഷേ ആ പ്രദേശവാസികളെല്ലാം കുളിക്കാന്‍ വരുന്ന ആ തെളിഞ്ഞ വെള്ളത്തില്‍ ഒരു കുഞ്ഞുരൂപം കണ്ടതോടെ ഏവരുടേയും ഹൃദയം പിടഞ്ഞു, സുഹാനാവരുതേയെന്ന് വെള്ളത്തില്‍ നിന്നും പുറത്തെടുക്കുംവരെ ആഗ്രഹിച്ചു. കുഞ്ഞുദേഹത്തിലെ വസ്ത്രം കണ്ടതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു, പിന്നാലെ കൂട്ടക്കരച്ചില്‍, നാട്ടിലെ അമ്മമാരും സഹോദരങ്ങളും ആര്‍ത്തുകരഞ്ഞു...
ഫയര്‍ഫോഴ്സ് സംഘം കുളത്തിലിറങ്ങിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. കുളത്തിന്റെ മധ്യഭാഗത്താണ് അവന്‍ കിടന്നത്. റോഡിനോട് ചേര്‍ന്നുള്ള കുളമാണെങ്കിലും വീടിന്റെ പരിസരത്തുനിന്നും 800മീറ്റര്‍ മാറി കുഞ്ഞെത്തില്ലെന്ന് തന്നെയാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്. രാത്രി പന്ത്രണ്ടുവരെ പൊലീസും നാട്ടുകാരും ഊര്‍ജിതമായ തിരച്ചിലിലായിരുന്നു.
കുഞ്ഞിന്റെ വീടിനടുത്തുള്ള കുളങ്ങളിലെല്ലാം പരിശോധിച്ചിരുന്നെങ്കിലും മൃതദേഹം കിട്ടിയ കുളത്തില്‍ പരിശോധന നടത്തിയിരുന്നില്ല. വീട് വിട്ട് പുറത്തുപോകുന്ന കുട്ടിയല്ലാത്തതുകൊണ്ടുതന്നെ ഇത്രയും ദൂരേക്ക് പോകില്ലെന്നു തന്നെയാണ് എല്ലാവരും ചിന്തിച്ചത്. സിവില്‍ ഡിഫന്‍സ് സംഘവും ഫയര്‍ഫോഴ്സിനൊപ്പം ചേര്‍ന്നാണ് കുഞ്ഞുസുഹാനെ പുറത്തെടുത്തത്.
ആ കുഞ്ഞ് റോഡിലൂടെ പോകുന്നവരെയെല്ലാം കെട്ടിപ്പിടിക്കുന്ന പ്രകൃതമുള്ള കുട്ടിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു, സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അവന് അത്രമാത്രം സ്നേഹമായിരുന്നു എല്ലാവരോടും. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറയുന്നു. നടന്നുപോകുമ്പോള്‍ ഈ കുളത്തിലേക്ക് വീഴില്ല, റോഡിനോട് ചേര്‍ന്ന് ഒരു കനാലും അതിനപ്പുറം ചെറിയൊരു കരയുമുണ്ട്. ഈ ഭാഗത്തേക്ക് വരാന്‍ ഒരു ചെറിയ നടപ്പാത മാത്രമാണുള്ളത്.
ഈ കുളത്തിന്റെ 100മീറ്റര്‍ അപ്പുറത്തുവരെയേ ഡോഗ് സ്ക്വാഡും എത്തിയിരുന്നുള്ളു, അവിടെയെല്ലാം ഇന്നലെ പരിശോധനയും നടത്തിയിരുന്നു. കുളത്തിലേക്ക് മറിഞ്ഞു വീഴാനുള്ള സാധ്യതയും നാട്ടുകാര്‍ തള്ളുന്നു. ഇറങ്ങിയാല്‍ മാത്രമേ വെള്ളത്തിലെത്താനാകുള്ളൂ. എപ്പോഴും ആള്‍പെരുമാറ്റമുള്ള സ്ഥലമാണിത്. ഇന്നലെ വൈകിട്ടും ആളുകള്‍ ഈ കുളത്തില്‍ വന്ന് കുളിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.