പാലക്കാട് മണ്ണാർക്കാട് വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ ആകെ ആന്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ കൊച്ചുമിടുക്കന് രാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം. കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് മുഹമ്മദ് സിദാനാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കരം ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
2024 ഡിസംബര്‍ 18ന് അര്‍ധവാര്‍ഷിക പരീക്ഷ എഴുതാനായി സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും സിദാന്റെ കൂട്ടുകാരന്‍ മുഹമ്മദ് റജിഹിന് ഷോക്കേറ്റത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരു കൂട്ടുകാരന്‍ ഷഹജാസിനും ഷോക്കേറ്റു. അപകടം കണ്ട സിദാൻ ഓടിയെത്തി. അടുത്ത കിടന്ന ഉണങ്ങിയ വടി ഉപയോഗിച്ച് രണ്ടു പേരെയും രക്ഷപ്പെട്ടു.
സിദാന്‍റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും കാരണം രക്ഷപ്പെട്ടത് രണ്ടു ജീവനുകൾ. സ്വന്തം ജീവനക്കുറിച്ചുപോലുമോര്‍ക്കാതെ കൂട്ടുകാരനെ രക്ഷിക്കാന്‍ കാണിച്ച ധൈര്യത്തിന് പിന്നീടങ്ങോട്ട് അഭിനന്ദന പ്രവാഹമായിരുന്നു. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കരം വരേയെത്തി.
രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറി. പ്രധാനമന്ത്രിയുമായി സംവദിച്ചു. ഈ നേട്ടം കൈവരിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏക കുട്ടിയാണ് സിദാന്‍. സ്കൂളിനും നാടിനും അഭിമാനം. കല്ലായത്ത് വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകനാണ് സിദാൻ. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി.