മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇപ്പോഴിതാ സിദ്ധാർഥിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജിഷിന്‍. നാട്ടുകാരുടെ പ്രവൃത്തിയെയാണ് താരം വിമർശിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പ്രതികരിച്ചത്.
‘സിദ്ധാർഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത്? നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്. പൊലീസിലേൽപ്പിക്കേണ്ടതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാലുകെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധകേരളം’ ജിഷിൻ ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ജിഷിന്റെ പ്രതികരണം.
ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തിൽ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്, ക്രിസ്മസ് ന്യൂ ഇയർ ടൈമിൽ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല,പക്ഷേ ഇതിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും ...നാണമില്ലേ കേരളത്തിലെ ജനങ്ങളേ, നിങ്ങൾക്ക് പ്രതികരിക്കേണ്ടേ ? ലജ്ജ തോന്നുന്നു– ജിഷിന്‍റെ വാക്കുകള്‍