Untitled design - 1

കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്ന് കോൺ​ഗ്രസിനെ ഉന്നമിട്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

'കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. 

പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?'- മുഖ്യമന്ത്രി ചോദിക്കുന്നു.  

ബംഗളൂരു നഗരത്തിനടുത്തുള്ള ഫക്കീർ കോളനിയിലാണ് അധികൃതർ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. വർഷങ്ങളായി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ദരിദ്ര തൊഴിലാളികൾ താമസിച്ചുവന്നിരുന്ന പ്രദേശങ്ങളാണിവ. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നാരോപിച്ചാണ് നോട്ടീസ് പോലുമില്ലാതെ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തത്. ശൈത്യകാലത്ത് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ഇതോടെ തെരുവിലായി. 

ENGLISH SUMMARY:

Karnataka demolition refers to the recent eviction of the Muslim community in Bangalore. Chief Minister Pinarayi Vijayan has criticized the Congress party regarding this issue, calling it 'Bulldozer Justice'.