തിരുവന്തപുരം ഡപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനം തീർത്തും അപ്രതീക്ഷിതമെന്ന് ആശാ നാഥ്. മുൻ മേയറെ പോലെ അഹങ്കാരവും ധാർഷ്ട്യവും ഉണ്ടാവില്ലെന്നും ആശ പറഞ്ഞു. ‘കൗൺസിലർമാരുടെ യോഗത്തിൽ വച്ചാണ് വിവരം അറിഞ്ഞത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. ജനങ്ങളിൽ ഒരാളായി നിന്ന് വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകും’ ആശാനാഥ് പറഞ്ഞു.
2017ല്‍ അമ്മാവന്‍റെ അപ്രതീക്ഷിത വിയോഗമാണ് ഡിഗ്രിക്കാരിയായ ആശയെ തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിന്‍റെ കൗണ്‍സിലറാക്കിയത്. എന്നാല്‍ എട്ടുവര്‍ഷത്തിനിപ്പുറം അതേ നഗരസഭയിലെ ഉപാധ്യക്ഷയെന്ന ചരിത്രനേട്ടത്തിനരികെയാണ് ആശാനാഥ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാപ്പനംകോട് മണ്ഡലത്തില്‍ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ഷോക്കേറ്റു മരിച്ചതിനെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ആശാനാഥിനെ കളത്തിലിറക്കിയത്.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആശയെ 2020ലും മണ്ഡലം ചേര്‍ത്തുനിര്‍ത്തി. ഇത്തവണ പാപ്പനംകോട് വിഭജിച്ച് കരുമം വാര്‍ഡ് രൂപപ്പെട്ടപ്പോഴും ആശയെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗണ്‍സിലിലേക്ക് എത്തിയതോടെ ഡെപ്യൂട്ടി മേയര്‍ കസേരയും ആശയ്ക്കു സ്വന്തം.