നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ കാറിടിച്ച് ഒരാളെ പരിക്കേൽപ്പിച്ച സംഭവത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം നടക്കുന്നത്. മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ ഇയാളുടെ കൈയും കാലും ബന്ധിച്ച ശേഷം ചിലർ റോഡിലൂടെ ഇയാളെ വലിക്കുന്നതും ദൃശ്യത്തിൽ കാണാം. എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ എന്ന് ആവർത്തിച്ചു പറയുന്ന സിദ്ധാർഥിനെയും വിഡിയോയിൽ കാണാം. എന്നാൽ ആളുകൾ സിദ്ധാർഥിനോട് ഒരു അനുകമ്പയും കാട്ടിയില്ലെന്നാണ് സിദ്ധാർഥ് ഫാൻസിൻ്റെ അവകാശം. ഈ വിഷയങ്ങൾ എല്ലാം മാറി നല്ലൊരു മനുഷ്യൻ ആയി വരുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും ആരാധകർ പറയുന്നു.

നേരത്തെ സിദ്ധാർഥിനെ പിന്തുണച്ച് നടൻ ജിഷിൻ രംഗത്ത് വന്നിരുന്നു. നാട്ടുകാരുടെ പ്രവൃത്തിയെയാണ് താരം വിമർശിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പ്രതികരിച്ചത്.

ENGLISH SUMMARY:

Siddharth Prabhu accident: The actor was involved in a car accident in Kottayam while allegedly under the influence, injuring a pedestrian and sparking public outrage. Video footage shows the actor being restrained and treated harshly by locals after the incident.