കോർത്തെടുത്ത് ചേർത്തെടുത്ത് ഒരു ലക്ഷത്തിലേറെ കുഞ്ഞൻ കടലാസ് നക്ഷത്രങ്ങൾ. രാപകൽ വ്യത്യാസമില്ലാതെ ഇവയെല്ലാം ഒത്തുചേർത്തപ്പോള്‍ കൂറ്റൻ ഓറിഗാമി നക്ഷത്രം തെളിഞ്ഞത് റെക്കോർഡ് പുസ്തകത്താളിലേക്കാണ്. പിറവിയുടെ സന്ദേശം നൽകുന്ന ക്രിസ്മസ് ദിനത്തിൽ ഒരേമനസോടെയുള്ള സമര്‍പ്പണത്തിന്‍റെ അടയാളം കൂടിയാണ് തിരുവനന്തപുരം പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി ചര്‍ച്ച് അങ്കണത്തിൽ തെളിഞ്ഞ ഓറിഗാമി നക്ഷത്രം.
വർണമല്ല, കോർത്തെടുക്കാനുള്ള മനസും ഒത്തു ചേർന്നിരിക്കാനുള്ള സമയവും കണ്ടെത്തിയതാണ് ഓറിഗാമി നക്ഷത്രത്തിൻ്റെ പിറവിക്ക് പിന്നിലെ ചേരുവ. 38 അടി ഉയരം. 28 അടി വീതി. കോർത്ത് കോർത്തെടുത്ത് ഒന്നര സെൻ്റീമീറ്റർ മാത്രം നീളമുള്ള ഒരു ലക്ഷത്തിലേറെ കുഞ്ഞുനക്ഷത്രങ്ങൾ. പ്രായത്തിൻ്റെ അതിർവരമ്പുകളില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അൻപതിലേറെ കൈകൾ ഒരു മനസോടെ. ഓറിഗാമിയെന്ന യാഥാർഥ്യം റെക്കോർഡ് പുസ്തക താളിലേക്കും.
ക്രിസ്മസ് ദിനത്തിലെ വർണ നിറങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള അടയാളമാണ് ഓറിഗാമി. നാടിനാകെ ഒത്തുചേരലിൻ്റെ സ്നേഹ സന്ദേശം. രണ്ട് ഗിന്നസ് റെക്കോർഡുകളും മൂന്ന് ചരിത്ര നേട്ടങ്ങളും കരസ്ഥമാക്കിയ മഞ്ഞാലുംമൂട് സ്വദേശി എസ്.ശ്രീരാജാണ് അടുത്ത ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള ഈ കൂറ്റൻ നക്ഷത്രം നിർമിക്കാനുള്ള ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. പള്ളി ഭാരവാഹികളും ഒരുകൂട്ടം ഊര്‍ജസ്വലരായ വിശ്വാസികളും ഒത്തുചേർന്നപ്പോൾ മണ്ണിലും വിണ്ണിലും മന്ദഹാസം വിരിയുന്ന നിമിഷത്തിന് സമാനം.