ആലപ്പുഴ ചാരുംമൂട്ടിൽ ക്ലബ്ബിന്റെ കാരൾ സംഘത്തെ എതിർ ക്ലബ്ബുകാർ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പത്തിലധികം പേർക്ക് പരുക്കേറ്റു. 15 പേർക്കെതിരെ കേസെടുത്തു ഒരാൾ അറസ്റ്റിലായി. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം.
ചാരുംമൂട് യുവ ക്ലബ്ബിന്റെ കാരൾ സംഘത്തെയാണ് എതിർ ക്ലബ്ബായ ലിബർട്ടിയിലെ അംഗങ്ങൾ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. അബ്ദുൽ സലാം, മോനിഷ് എന്നിവർക്കാണ് പരുക്കേറ്റത്. അബ്ദുൽ സലാമിന്റെ തലയ്ക്കാണ് പരുക്ക്. കുട്ടികൾ അടക്കം പത്തോളം പേർക്ക് മർദ്ദനമേറ്റു.
തടിക്കഷ്ണവും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടു കൂടിയായിരുന്നു ആക്രമണം. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യുവ ക്ലബ്ബിൽ നിന്ന് വിട്ടുപോയ സംഘം രൂപീകരിച്ചതാണ് ലിബർട്ടി. സി.പി.എം പ്രവർത്തകരാണ് ലിബർട്ടി ക്ലബ്ബിൽ ഉള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.