ഉദയംപേരൂരില്‍വച്ച് അപകടം സംഭവിച്ച് റോഡില്‍ വീണുകിടന്ന ലിനുവിനും മറ്റ് രണ്ടുപേര്‍ക്കും തുണയായി മൂന്ന് ഡോക്ടര്‍മാരെത്തിയപ്പോള്‍ അതൊരു അപൂര്‍വ സംഭവമായി മാറി, കേരളമൊന്നടങ്കം ആ ജീവനുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല, ഗുരുതരമായി പരുക്കേറ്റ ലിനു മണിക്കൂറുകള്‍ക്ക് ശേഷം ജീവന്‍ വെടിഞ്ഞു.
ബൈക്ക് യാത്രകൾ എന്നും ഹരമായിരുന്ന ലിനുവിന്റെ വേർപാട് സ്വന്തം നാടായ പത്തനാപുരം പുന്നല നിവാസികൾക്ക് തീരാ വേദനയായി മാറി. ദീർഘദൂര യാത്രകൾക്ക് പോലും ലിനു ബൈക്ക് ആയിരുന്നു തിരഞ്ഞെടുക്കാറുള്ളത്. അപകടം നടന്ന് വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ ആ നാടും വീടും അവനുവേണ്ടി നിലകൊണ്ടു. ലിനുവിനെ അറിയാത്ത ഉദയംപേരൂരിലെ നാട്ടുകാരെല്ലാം ആ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ക്കൊപ്പം നിന്നു.
എല്ലാം അസ്തമിച്ചെന്നു കരുതിയിടത്തു നിന്നും, ആ മൂന്നു ഡോക്ടർമാരിലൂടെ ലിനുവിന് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പ്രാർഥനകളുടെ മണിക്കൂറുകളായിരുന്നു പിന്നീട് കടന്നു പോയത്.
ക്രിസ്മസ് അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള യാത്രയിലാണ് ലിനുവിന്റെ ഇരുചക്ര വാഹനം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്.
ബെംഗളൂരുവിലായിരുന്ന ലിനു നാലര മാസം മുൻപാണ് കൊച്ചിയിലെ മൗസി ഫുഡ് കമ്പനിയിൽ ജോലിക്കു ചേർന്നത്. മ ക്കൾക്കുള്ള സമ്മാനവും വാങ്ങി പത്തനാപുരത്തേക്കു വരുമ്പോഴായിരുന്നു അപകടം. നാട്ടിൽ ഏറെ സുഹൃത് ബന്ധങ്ങളുള്ള ലിനുവിന്റെ വേർപാടിൽ കണ്ണീരുതിർക്കുകയാണ് നാട്. നാളെ ക്രിസ്മസ് ദിനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.