TOPICS COVERED

രണ്ടു പൈതങ്ങളെച്ചൊല്ലിയായിരുന്നു രാമന്തളിയിലെ വീട്ടില്‍ മനസ്സമാധാനം നഷ്ടമായത്. കുഞ്ഞുങ്ങളെ ആര് നോക്കുമെന്ന ചോദ്യമായിരുന്നു അവിടെ വാശിക്കടിസ്ഥാനം. തനിക്കൊപ്പം വിടണമെന്ന് അമ്മ വാശി പിടിച്ചപ്പോള്‍ കോടതി അതുകേട്ടു, അമ്മയ്ക്കൊപ്പം വിടാന്‍ ഉത്തരവായി, ആഴ്ചയിലൊരു ദിനം അച്ഛനൊപ്പമെന്നും, എന്നാല്‍ ആ രണ്ടു കുഞ്ഞുങ്ങളുടേയും കളിചിരികള്‍ അറിഞ്ഞേറ്റുവാങ്ങിയത് അച്ഛന്റെ വീടായിരുന്നുവെന്നുവേണം മനസിലാക്കാന്‍.

കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് അച്ഛനൊപ്പം നിന്നാല്‍ മതിയെന്നു പറഞ്ഞു. അമ്മയുടെ വീട്ടിലേക്ക് വിട്ടാല്‍ അവര്‍ കൊല്ലുമെന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടേയും അച്ഛന്റെ കുടുംബാംഗങ്ങളുടേയും മനസ്സമാധാനം കെടുത്തുംവിധത്തില്‍ അമ്മയില്‍ നിന്നും തുടരെത്തുടരെ കള്ളപ്പരാതികളെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകിട്ടാണ് രാമന്തളി വടക്കുമ്പാട് സ്വദേശിയായ കലാധരൻ, അമ്മ ഉഷ, കലാധരന്റെ മക്കളായ ആറു വയസ്സുകാരി ഹിമ, രണ്ടു വയസ്സുകാരൻ കണ്ണൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചനത്തിന് പിന്നാലെ അഞ്ചും, രണ്ടും വയസ്സുള്ള പിഞ്ചുകുട്ടികളെ അവരുടെ അമ്മയ്ക്കൊപ്പം വിടുന്നതില്‍ കലാധരന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു.  

കഴിഞ്ഞ എട്ടുമാസത്തോളമായി കലാധരനും ഭാര്യയും മാറിത്താമസിക്കുകയായിരുന്നു. കലാധരന്റെ മാതാപിതാക്കളും ആദ്യം ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ കലാധരന്റെ അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ മക്കളെ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് അമ്മ പരാതി നല്‍കി. പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. നെഞ്ചത്തു കിടത്തി ഉറക്കിയ അപ്പൂപ്പനെതിരെ കേസ് കൊടുത്തതോടെ കുടുംബം തകര്‍ന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മറ്റൊരു വഴിയിലൂടെയും ഇവരെ ഇല്ലാതാക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അമ്മ ഈ പരാതി നല്‍കിയതെന്ന് കലാധരന്റെ ബന്ധുക്കളും അയല്‍ക്കാരും പറയുന്നു.

കലാധരന്റെ അച്ഛന്‍ ഇതോടെ വീട്ടില്‍ നിന്നും താമസം മാറ്റി. തുടരെത്തുടരെ പരാതികളും പ്രശ്നങ്ങളും വന്നതോടെ കലാധരന്‍ കടുത്ത മാനസിക വിഷമത്തിലായി. ഒടുവില്‍ ഇന്നലെ വൈകിട്ട്് വീടിന്റെ രണ്ടാംനിലയില്‍വച്ച് കുഞ്ഞുമക്കള്‍ക്ക് പാലില്‍ വിഷം നല്‍കിയ ശേഷം കലാധരനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ ്പൊലീസ് പറയുന്നത്. 

വീടിന്റെ ഉമ്മറത്ത് കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും സൈക്കിളും കാണാം. രണ്ടാംനിലയില്‍ മുകളിലായി അവരുടെ സന്തോഷത്തിനായി അച്ഛന്‍ കലാധരന്‍  തൂക്കിയിട്ട ക്രിസ്മസ് സ്റ്റാറും മിന്നിത്തെളിയുന്നു. പക്ഷേ ആ തിളക്കം നോക്കി പുഞ്ചിരിച്ചു നില്‍ക്കാന്‍ ആ വീട്ടിലിനി പൊന്നോമനകളില്ലെന്ന് ചിന്തിക്കുമ്പോള്‍ ഉറ്റവരുടെ ചങ്ക് പൊട്ടുകയാണ് . പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

ENGLISH SUMMARY:

Family suicide is a devastating event that has occurred in Kerala. The incident involves a father, his mother, and his two young children, highlighting the tragic consequences of family disputes and mental distress.