malayalayi-death

TOPICS COVERED

അയർലൻഡിലെ കോർക്കിൽ കാർ നദിയിൽ വീണ് മലയാളി യുവാവ് മരിച്ചു. കോർക്കിലെ യോൾബാലിനയിൽ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി  കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസ് മരണപ്പെട്ടത്. കോർക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയിൽ വെള്ളിയാഴ്ച രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാർ തെന്നി വീണത്. മിഡിൽടണിനടുത്തുള്ള ബാലിൻകൂറിങ് കെയർ സെന്ററിലെ കിച്ചൻ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.

രാത്രി എട്ടിന് ഷിഫ്റ്റ് കഴിഞ്ഞു അരമണിക്കൂർ ദൂരത്തിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടർന്നാണ് കാർ റോഡിൽ നിന്നും ഏറെ താഴ്ചയുള്ള നദിയിലേക്ക് തെന്നി വീണത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോയ്സിനെ കാണാതായതോടെ പരിഭ്രാന്തയായ ഭാര്യ ജോയ്സിന്റെ സുഹൃത്തുക്കളെ സഹായം തേടി വിവരം അറിയിച്ചു. തുടർന്ന് അവർ നടത്തിയ പ്രാഥമിക തിരച്ചിലിൽ യാതൊരു വിവരവും ലഭിക്കാത്തതിനാൽ ഗാർഡയെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് ജോയ്സിന്റെ മൃതദേഹം കണ്ടെത്തുന്നത്. നദിയിൽ മുങ്ങിയ നിലയിൽ കിടന്ന കാറിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കോർക്കിൽ നഴ്സായി ജോലി ചെയ്യുന്ന റൂബി കുര്യാക്കോസ് ഭാര്യയാണ്. മക്കൾ: ജാക്വലിൻ (രണ്ടര വയസ്സ്), ജാക്വസ് (5 മാസം).  രണ്ട് വർഷം മുൻപ് ജോലി ലഭിച്ചു അയർലൻഡിൽ എത്തിയ ഭാര്യ റൂബിയുടെ ആശ്രിത വീസയിലാണ് ജോയ്സ് ഒരുവർഷം മുൻപ് കോർക്കിൽ എത്തുന്നത്. 

ENGLISH SUMMARY:

Malayali youth death in a car accident is reported from Cork, Ireland. Joyes Thomas, an Indian native was found dead after his car slipped into the river Bride.