ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് 21കാരിയായ നേപ്പാൾ സ്വദേശിനിയിൽ മാറ്റിവെക്കുന്നത്.
ചിറക്കര സ്വദേശി ആർ. ഷിബുവിന്‍റെ അവയവങ്ങൾ ഇനി ഏഴുപേർക്ക് പുതുജീവനേകും. അപൂർവ്വ ജനിതകരോഗം ബാധിച്ച നേപ്പാൾ സ്വദേശിനി ദുർഗയിൽ ഷിബുവിന്‍റെ ഹൃദയമിടിക്കും. ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര നിയമം ദുർഗയ്ക്ക് വെല്ലുവിളിയായി. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ദുർഗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മലയാളിയായ ഡോക്ടർ മുഖേനയാണ് ദുർഗ കേരളത്തിലേക്ക് എത്തിയത്. ഇതേ രോഗത്തെ തുടർന്ന്, ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. ദുർഗയുടെ സഹോദരൻ കേരളത്തോട് നന്ദി പറഞ്ഞു. 47കാരനായ ഷിബുവിന്റെ വൃക്കകളും കരളും നേത്രപടലവും ത്വക്കും ദാനം ചെയ്തിട്ടുണ്ട്.