തിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പാരഡി ഗാനം വിശ്വാസികളേയും അയ്യപ്പനേയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ കോലാഹലങ്ങളാണ് പോയ ദിനങ്ങളില്‍ കണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ പ്രതികരണങ്ങളും വാദങ്ങളുമായി മുന്നോട്ട് വന്നു. ഇതിനിടെ പാട്ടെഴുതിയവര്‍ക്കും പാട്ട് പാടിയവര്‍ക്കും കിട്ടി മുട്ടന്‍ പണി.
എല്ലാ വെബ്സൈറ്റുകളില്‍ നിന്നും സോഷ്യല്‍മീഡിയകളില്‍ നിന്നും പാട്ട് നീക്കാനും തീരുമാനമായി. പാട്ട് നീക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മെറ്റയ്ക്കു കത്തയക്കുമെന്ന് പറഞ്ഞെങ്കിലും ആ തീരുമാനം പിന്നീട് പിന്‍വലിച്ചു. ഇങ്ങനെ പല രീതിയിലാണ് ഒരു പാരഡി ഗാനം കേരളത്തെ ബഹളമയമാക്കിയത്.
എന്നാല്‍ വൈറലായ പാട്ടുകളും ചുവടുകളും ഏറ്റെടുക്കുന്ന പുത്തന്‍ ജനറേഷനാകട്ടെ വിവാദംകൊണ്ടും ഭീഷണികൊണ്ടുമൊന്നും പാട്ട് നിര്‍ത്താന്‍ തയ്യാറല്ല. ഇപ്പോഴിതാ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഷെയര്‍ ചെയ്ത കുട്ടിയുടെ വിഡിയോ വൈറലാവുകയാണ്. പോറ്റിയേ കേറ്റിയേ എന്ന പാട്ട് പാടിക്കൊണ്ട് ഡാന്‍സ് ചെയ്യുന്ന വിഡിയോക്ക് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ആസ്വദിച്ചാണ് പാട്ടും നൃത്തവും. കേസ് ഉണ്ടോ സര്‍ക്കാറേ? എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് വൈറലായ പാരഡി ഗാനവുമായി ബന്ധപ്പെട്ട് ഇനിയൊരു പരാതിക്കോ ചർച്ചയ്ക്കോ ഇല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സ്വർണ്ണക്കൊള്ള പ്രതിയും ജില്ലാകമ്മിറ്റി അംഗവുമായ പത്മകുമാർ നിരന്തരം പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയെന്നും കടുത്ത നടപടി പണ്ടേ വേണമായിരുന്നു എന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഐക്യകണ്ഠേന കടുത്ത നടപടി ശുപാർശ ചെയ്തു.
തീരുമാനം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതാണ്. സ്വർണ്ണക്കൊള്ള തിരിച്ചടിച്ചു എന്ന് ജില്ലാ കമ്മിറ്റിയും വിലയിരുത്തി. കാലുവാരല്‍ ആരോപണങ്ങൾ അതത് ഏരിയ കമ്മിറ്റികൾ ചർച്ച ചെയ്യും. വാർത്തകൾ ചോരുന്നത് തടയാൻ തോമസ് ഐസക് പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.