മതവിശ്വാസത്തെയും നിരീശ്വരവാദത്തെയും കുറിച്ച് നിരന്തരം പോസ്റ്റുകളിടുന്ന മീനാക്ഷി, മതങ്ങൾ നിലകൊള്ളുന്നത് മനുഷ്യൻ്റേയും ലോകത്തിൻ്റേയും നന്മയ്ക്കു വേണ്ടിയല്ലേ എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത്. മതങ്ങൾ രൂപികരിക്കപ്പെട്ട് നില നില്‍ക്കുന്നത് തന്നെ മനുഷ്യനന്മയേയും ലോകനന്മയേയും ഉദ്ദേശിച്ച് തന്നെയാണെന്നതിൽ തർക്കമില്ലെന്ന് മീനാക്ഷി ഫെയ്സ്ബുക്കില്‍ കുറിച്ചു.

'പക്ഷെ ലോകത്ത് ഒരു മതമല്ല എത്രയോ മതങ്ങളാണ് നിലവിലുള്ളത്. ഒന്ന് ശ്രദ്ധിച്ചാൽ എല്ലാ മതങ്ങളും, മനുഷ്യന് വേണ്ടിയും ലോകത്തിനു വേണ്ടിയും തന്നെയാണെന്ന് കാണാം.

പക്ഷെ അതിനുള്ള ഓരോ മതത്തിൻ്റേയും പദ്ധതികൾ പലതാണ്. സത്യത്തിൽ ലക്ഷ്യം ഒന്നാണെങ്കിലും പദ്ധതികൾ തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് പ്രശ്നങ്ങളുടെ അടിസ്ഥാനവും. ചുരുക്കത്തിൽ ഓരോ മതവും അവരവരുടെ വഴിക്ക് കാര്യങ്ങൾ ശരിയാക്കാൻ ശ്രമിക്കുന്നു.

മറ്റൊരു വഴിക്ക് കാര്യങ്ങൾ കുഴപ്പത്തിലുമാവുന്നു. യഥാർത്ഥത്തിൽ മതങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടുകയാണെങ്കിൽ, അവിടെ സമത്വവും സാഹോദര്യവും മാനവികതയും തുല്യതാ നിലയും കൈവരിയാണെങ്കിൽ, ഭൂരിപക്ഷം മതങ്ങളും നമുക്കൊരുമിച്ച് മനുഷ്യനന്മയും ലോകനന്മയും ലക്ഷ്യമാക്കാം എന്ന് തീരുമാനിക്കപ്പെടുകയാണെങ്കിൽ ലോകത്ത് മഹായുദ്ധങ്ങൾ, ആക്രമണങ്ങൾ ഒക്കെ നിലയ്ക്കപ്പെടും. യുദ്ധാവശ്യങ്ങൾക്കും, ആയുധങ്ങൾക്കുമായി ചിലവാക്കപ്പെടുന്ന പണം മാനവരാശിക്കായ് ചിലവാക്കപ്പെടുന്നതും, ഞാനിവിടെ ഈ ലോകത്തിൻ്റെ ഒരു കൊച്ചു കോണിലിരുന്ന് സ്വപ്നം കാണുന്നു.

അപ്പോൾ ഒറ്റ വാക്കിൽ ഞാനിങ്ങനെ ഇവിടെ കുറിയ്ക്കും. അപ്പോൾ 'ഇവിടം സ്വർഗ്ഗമാക്കപ്പെടും.' – മീനാക്ഷി വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Religion and atheism are often debated, with discussions on the true purpose of religion. Meenakshi argues that religions were founded with good intentions, but differing paths lead to conflict, she says that reforming religion and promoting equality could create a better world.