ദിലീപ് ചിത്രം ‘ഭഭബ’ കേരളത്തിൽ നൂറ് ദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ടെന്നും സത്യഭാമ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
‘പ്രാർഥനകൾ ഫലം കണ്ടു. ദിലീപിന്‍റെയും, സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്‍റര്‍ടൈനര്‍ എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്‍റെ മനസുപറയുന്നുണ്ട്. 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്’ സത്യഭാമ പറഞ്ഞു. അവള്‍ക്കൊപ്പമുള്ള പത്തുശതമാനം മനുഷ്യരെ അവനൊപ്പമള്ള 90ശതമാനം മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നതെന്നും സത്യഭാമ പരിഹസിച്ചു.
അതേ സമയം പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന വിമർശന ചോദ്യവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു നടിയായതുകൊണ്ടല്ല, അവളൊരു സ്ത്രീയായതുകൊണ്ടാണ് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി സമൂഹ മാധ്യമത്തിൽ കുറിച്ചു.