‘എനിക്കൊരു കഴിഞ്ഞ കാലമുണ്ട്, ഒരിക്കലും മറക്കാനാവാത്ത കാലം...’ ദിലീപിന്റെ പിറന്നാൾ ആശംസാ വീഡിയോകളിൽ ഇടംപിടിക്കുന്ന ഈ ഡയലോഗ് ‘കൊച്ചിരാജാവ്’ എന്ന സിനിമയിലേതാണ്. സൂര്യ നാരായണ വർമ്മയുടെ ഫ്ലാഷ്ബാക്കിനു മുന്നോടിയായുള്ള സംഭാഷണം ദിലീപിന്റെ സിനിമാജീവിതത്തെ വിലയിരുത്തുമ്പോഴും പ്രസക്തമാണ്. മലയാള സിനിമയിൽ വിജയങ്ങളുടെ ഒരു കാലം ദിലീപിനുണ്ടായിരുന്നു. എന്നാൽ, നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലും സിനിമാജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. കുറ്റവിമുക്തനായശേഷം പുറത്തിറങ്ങുന്ന പുതിയ ചിത്രങ്ങളിലൂടെ പഴയ താരപദവി തിരിച്ചുപിടിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ ആരാധകരും സിനിമാലോകവും ഉറ്റുനോക്കുന്നത്.
മിമിക്രി വേദികളിൽനിന്ന് സഹസംവിധായകനായും ചെറിയ വേഷങ്ങളിലൂടെയും സിനിമയിലെത്തിയ ദിലീപ് തൊണ്ണൂറുകളുടെ മധ്യത്തോടെ നായകനിരയിൽ ഇടംനേടി. ഹാസ്യകഥാപാത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകളിലൂടെയുമാണ് ജനപ്രീതി നേടിയത്. ‘സല്ലാപം’, ‘ഈ പുഴയും കടന്ന്’, ‘പഞ്ചാബി ഹൗസ്’ തുടങ്ങിയ സിനിമകളുടെ വിജയത്തോടെ ശ്രദ്ധേയനായ നായകനായി.
ഹാസ്യത്തിൽനിന്ന് പരീക്ഷണങ്ങളിലേക്ക്
‘ഈ പറക്കും തളിക’, ‘സിഐഡി മൂസ’, ‘കല്യാണരാമൻ’, ‘വെട്ടം’, ‘പാണ്ടിപ്പട’ തുടങ്ങിയ ചിത്രങ്ങൾ ദിലീപിന്റെ ഹാസ്യശൈലിക്ക് വലിയ സ്വീകാര്യത നൽകി. ‘കുഞ്ഞിക്കൂനൻ’, ‘ചാന്തുപൊട്ട്’, ‘പച്ചക്കുതിര’, ‘മായാമോഹിനി’, ‘കമ്മാരസംഭവം’ തുടങ്ങിയ സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ‘മീശമാധവൻ’ സമാനതകളില്ലാത്ത വിജയമായി. ‘റൺവേ’, ‘ലയൺ’ എന്നിവ താരപദവി ഉറപ്പിച്ചപ്പോൾ ‘കഥാവശേഷൻ’, ‘പെരുമഴക്കാലം’, ‘കൽക്കട്ടാ ന്യൂസ്’ തുടങ്ങിയ ചിത്രങ്ങൾ പതിവ് ഹാസ്യവേഷങ്ങളിൽനിന്നുള്ള മാറ്റത്തിന്റെ ശ്രമങ്ങളായി.
എന്നാൽ, വിജയങ്ങളുടെ തുടർച്ച നിലനിർത്താൻ പിന്നീടുള്ള സിനിമകൾക്കായില്ല. ഒരുകാലത്ത് ദിലീപിന്റെ പ്രധാന ആകർഷണമായിരുന്ന ഹാസ്യശൈലി മാറിയ പ്രേക്ഷകാഭിരുചികൾക്കിടയിൽ എത്രത്തോളം ഫലിക്കുന്നുവെന്ന ചോദ്യം ഉയർന്നു. സിനിമകളുടെ അവതരണത്തിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും മാറ്റം അനിവാര്യമായി.
വിവാദങ്ങൾക്കുശേഷമുള്ള സിനിമാജീവിതം
2017-ൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമനടപടികളും ദിലീപിന്റെ പൊതുജീവിതത്തെയും സിനിമാജീവിതത്തെയും ബാധിച്ചു. അറസ്റ്റും ജയിൽവാസവും ജാമ്യവും വലിയ ചർച്ചകൾക്ക് വഴിവച്ചു. പിന്നീട് കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി. എന്നാൽ, അതിനുമുമ്പുണ്ടായിരുന്ന താരസ്വീകാര്യതയും ബോക്സ് ഓഫിസ് വിജയങ്ങളും അതേ നിലയിൽ തിരിച്ചെത്തിയോ എന്ന ചോദ്യം നിലനിൽക്കുന്നു.
വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ‘രാമലീല’ വാണിജ്യവിജയം നേടി. എന്നാൽ, തുടർന്നുള്ള സിനിമകൾക്ക് പഴയതുപോലെ തുടർച്ചയായ വിജയങ്ങൾ നേടാനായില്ല. ചില ചിത്രങ്ങൾ ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫിസിൽ സ്ഥിരതയാർന്ന മുന്നേറ്റമുണ്ടായില്ല. സമീപകാലത്തെ തിരിച്ചടികൾ ദിലീപിന്റെ പഴയ വിജയഫോർമുലകൾ മാത്രം മതിയാകില്ലെന്ന സൂചനയും നൽകി.
പുതിയ ട്രാക്കിൽ ദിലീപ്
തൊണ്ണൂറുകളുടെ മധ്യത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച ദിലീപിന്റെ സിനിമാജീവിതം പ്രധാനമായും ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് മുന്നേറിയത്. ഗൗരവമുള്ള വേഷങ്ങളിലും നർമത്തിന്റെ അംശം നിലനിർത്തിയിരുന്നു. എന്നാൽ, കോവിഡിനുശേഷം പ്രേക്ഷകരുടെ അഭിരുചികളിലും കാഴ്ചാശീലങ്ങളിലും വന്ന മാറ്റങ്ങൾ പഴയ സ്ലാപ്സ്റ്റിക് കോമഡി ശൈലിയുടെ സ്വീകാര്യതയെ ബാധിച്ചു. ‘ഭഭബ’യ്ക്ക് തിയേറ്ററുകളിൽ ലഭിച്ച പ്രതികരണവും ഈ സാഹചര്യത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ദിലീപിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചവർക്ക് അടുത്ത ചിത്രത്തിലേക്ക് പ്രതീക്ഷ മാറ്റിവയ്ക്കേണ്ടിവന്നു.
ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ വേഷങ്ങളുമായി ദിലീപ് എത്തുന്നത്. റിലീസിനൊരുങ്ങുന്ന ‘നീക്കം’ എന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും പതിവ് കഥാപാത്രങ്ങളിൽനിന്ന് മാറിയുള്ള അവതരണത്തിന്റെ സൂചന നൽകുന്നു. ഇമോഷണൽ ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ പുതിയ പരീക്ഷണമാണ്.
പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ‘ഹെനോക്ക്: ദി മാൻ ഇൻ ദി മിസ്റ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ശ്രദ്ധ നേടുന്നു. ഫോറൻസിക് സർജനായ ഡോ. ലിയോ തോമസിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിലുള്ള ഈ ചിത്രവും പതിവ് ദിലീപ് സിനിമകളിൽനിന്ന് വ്യത്യസ്തമാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
‘നീക്കം’ സംവിധാനം ചെയ്യുന്നത് ജഗൻ കൈലാസും ‘ഹെനോക്ക്’ സംവിധാനം ചെയ്യുന്നത് ഉല്ലാസ് കൃഷ്ണയുമാണ്. പുതിയ തലമുറയിലെ സംവിധായകർക്കൊപ്പമുള്ള ഈ ചിത്രങ്ങൾ ദിലീപിന്റെ കരിയറിൽ മാറ്റമുണ്ടാക്കുമോ എന്നത് അവയുടെ ഉള്ളടക്കത്തെയും അവതരണത്തെയും പ്രേക്ഷകസ്വീകാര്യതയെയും ആശ്രയിച്ചിരിക്കും.
പഴയ വിജയങ്ങൾ പുതിയ സിനിമകളുടെ വിജയത്തിന് ഉറപ്പല്ല. അതുപോലെ, സമീപകാലത്തെ തിരിച്ചടികളും ഒരു താരത്തിന്റെ ഭാവി നിർണയിക്കുന്നില്ല. മാറിയ പ്രേക്ഷകാഭിരുചികൾ തിരിച്ചറിഞ്ഞ് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പുതിയ പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടാനും ദിലീപിന് കഴിയുമോ എന്നതാണ് നിർണായകം.
പുതിയ സിനിമകളിലൂടെ ബോക്സ് ഓഫിസിൽ വീണ്ടും ഇടംപിടിക്കാനാകുമോ? ട്രാക്ക് മാറ്റിയുള്ള ഈ നീക്കം തിരിച്ചുവരവിന് വഴിയൊരുക്കുമോ, അതോ മറ്റൊരു പരീക്ഷണമായി അവസാനിക്കുമോ? ഉത്തരം ഇനി സിനിമകളുടെ പ്രേക്ഷകസ്വീകാര്യതയിലാണ്.