ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്ണി. കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചയാള്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ക്വട്ടേഷനാണ്. ഭീഷണികൊണ്ടൊന്നും അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല. അയാളുടെ പെയ്‌ഡ് പി.ആര്‍ നിയന്ത്രിച്ചില്ലെങ്കില്‍ തെളിവുകളായി മാറും . ഭാവിയില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ അയാളാണെന്നേ വിശ്വസിക്കൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭീഷണിപ്പെടുത്തിയയാളുടെ മൊബൈല്‍ നമ്പര്‍ ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. കോടതിവിധി പുറത്തുവന്നശേഷം നടിക്കനുകൂലമായ നിലപാടെടുത്തതും, വിധിയെ വിമര്‍ശിച്ചതുമാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. അതേ സമയം പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്‍റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന വിമർശനവും ഭാഗ്യലക്ഷ്മി ഉയര്‍ത്തി.
നടിയായതുകൊണ്ടല്ല, അവളൊരു സ്ത്രീയായതുകൊണ്ടാണ് അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്നതെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി.