ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് അറിയപ്പെടുന്നതെങ്കിലും ഭാഗ്യലക്ഷ്മി ഒട്ടേറെ സിനിമകളില്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. 'ചാമരം', 'മാറ്റുവിന്‍ ചട്ടങ്ങളെ', 'സെല്ലുലോയിഡ്', 'പാവ', 'ഒരു മുത്തശ്ശി ഗദ' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അവര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമാണ്. കമല്‍ ഹാസന്‍ നായകനായ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. ചിത്രത്തില്‍ നായകന്‍റെ പെങ്ങളുടെ റോളിലായിരുന്നു ഭാഗ്യ ലക്ഷ്മി അഭിനയിച്ചത്.
ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗം ഉണ്ടായിരുന്നുവെന്നും അത് റിയലിസ്റ്റിക്കായാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ലൊക്കേഷനിലുണ്ടായിരുന്ന കമല്‍ ഹാസന്‍ ഓടിവന്നുവെന്നും ആ രംഗം മൊത്തത്തില്‍ പിന്നീട് കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
'ആ സിനിമ എന്‍റെ ജീവിതത്തില്‍ ഒരുപാട് വേദന ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒരു ബലാത്സംഗ സീന്‍ ഉണ്ട്. പ്രതാപചന്ദ്രൻ ആയിരുന്നു ഒപ്പം അഭിനയിച്ചത്. ആ കാലങ്ങളിൽ ഇത്തരം സീനുകൾ വളരെ റിയലിസ്റ്റിക് ആയാണ് എടുത്തിരുന്നത്. ഭയങ്കരമായി ആക്രമിക്കും. ബ്ലൗസ് ഒക്കെ കീറി ആണ് ആ സീൻ എടുത്തത്. സത്യത്തിൽ അതിന്‍റെ ആവശ്യം ഇല്ലായിരുന്നു. ജസ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും ഓടിയാല്‍ മതി. ആ സമയത്ത് കമൽഹാസൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് ഓടി വന്നു. സംവിധായകൻ രാജശേഖരൻ ആ സീൻ കംപ്ലീറ്റ് കട്ട് ചെയ്യാന്‍ പറഞ്ഞു. അത് വേണ്ടെന്ന് പറഞ്ഞു,' യെസ് 27ന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്