നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ നടിക്ക് വേണ്ടി നിലകൊള്ളുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചിരുന്നു. നടിക്ക് നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട് .
‘കഴിഞ്ഞ ദിവസം എനിക്ക് മൂന്ന് കല്യാണങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു, രാവിലെ ഒരു പട്ട് സാരി ഉടുത്ത് ഒരുങ്ങി പോവാന്‍ മനസ് തോന്നാത്തതുകൊണ്ട് ഞാന്‍ അവര്‍ക്കെല്ലാം മെസേജ് അയച്ചു എനിക്ക് ഒരുങ്ങാന്‍ തോന്നുന്നില്ല അതു കൊണ്ട് ഈ കല്യാണത്തിന് വരുന്നില്ലെന്ന്, മനസ് അവള്‍ക്കൊപ്പമാണെന്നും’ ഭാഗ്യലക്ഷ്മി പറഞ്ഞു.
മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും പ്രതിക്കൂട്ടില്‍ നിന്ന് അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സംവിധാനത്തിന്‍റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.