‘എന്‍റെ പേര് പ്രസാദ്, ഞാൻ ഒരു സ്വർണപ്പണിക്കാരനാണ്. പൊട്ടാസ്യം സയനൈഡ്. അതിന്‍റെ രുചി ഞാൻ അറിഞ്ഞു. പുകച്ചിലാണ്, നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പും. ’. പലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ  ലോഡ്ജില്‍  2006 ജൂണ്‍ 16ന്  ജീവനൊടുക്കിയ പ്രസാദെന്ന സ്വര്‍ണപ്പണിക്കാരന്‍റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍  ഇതായിരുന്നു. കേവലം ഒരു ആത്മഹത്യക്കുറിപ്പായിരുന്നില്ല അത്. സ്വന്തം ജീവന്‍ ഉരുകിത്തീരും മുന്‍പ് കൊടും വിഷമായ പൊട്ടാസ്യം സയനൈഡിെൻറ ആര്‍ക്കും അറിയാത്ത രുചി ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു ആ യുവാവ്.

2021 ഇന്റർനാഷനൽ ബുക്കർ പ്രൈസിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ചിലിയൻ എഴുത്തുകാരൻ ബെന്‍ജമിന്‍ ലെബറ്ററ്റിന്‍റെ 'വെന്‍ വീ സീസ് ടു അണ്ടർസ്റ്റാന്‍ഡ് ദ വേള്‍ഡ്' എന്ന നോൺഫിക്ഷൻ നോവലിലൂടെയായിരുന്നു പ്രസാദിന്‍റെ പേര് പുറംലോകമറിഞ്ഞത്. ഈ നോവലിന്‍റെ ആദ്യഭാഗത്ത് പ്രസാദിന്‍റെ ആത്മഹത്യക്കുറിപ്പിലെ വരികള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അനിവാര്യമായ  മറവിയില്‍ ആണ്ടുപോയ പ്രസാദിന്‍റെ  സ്മരണകളെ തിരികെയെത്തിക്കുന്നതായിരുന്നു ബുക്കിലെ പരാമര്‍ശങ്ങള്‍.

എറണാകുളം കാക്കനാട് സ്വദേശിയായ പ്രസാദ് തൃപ്പൂണിത്തുറയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു. 2005 ല്‍ ഇയാള്‍ പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങാന്‍ തീരുമാനിച്ചു. ഏതൊരു ചെറുപ്പക്കാരനേയും പോലെ ജീവിതം വിളക്കിച്ചേര്‍ക്കുന്നത് സ്വപ്നം കണ്ടു. 25 ലക്ഷത്തോളം രൂപ മുടക്കി ജ്വല്ലറി തുറന്നു. വലിയ കുഴപ്പമില്ലാതെ ബിസിനസ് മുന്നോട്ടു പോകുന്നതിനിടെയിലാണ് പ്രസാദിന്‍റെ ജീവിതത്തെ തകിടംമറിച്ച ഒരു സംഭവം നടക്കുന്നത്. ഉത്തരരേന്ത്യക്കാരായ രണ്ടു സുഹൃത്തുക്കള്‍ സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പ്രസാദിന് വിറ്റു. ചതി തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. മുന്നോട്ടു പോകാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആ യുവാവിനു മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതായി.

2006 ജൂണ്‍ 15 ന് പ്രസാദ് പാലക്കാട് ബസ് സ്റ്റാന്‍ഡിനു സമീപം ഒരു ഹോട്ടലില്‍ മുറിയെടുത്തു. പലകുറി വിളിച്ചിട്ടും കിട്ടാതിരുന്നപ്പോള്‍ മാതാപിതാക്കള്‍ ഒടുവില്‍ ലോഡ്ജിന്‍റെ  റിസപ്ഷനില്‍ ബന്ധപ്പെട്ടു. പ്രസാദിന്‍റെ മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്. പൊലീസെത്തി കതക് പൊളിച്ചു. അപ്പോഴേയ്ക്കും മരണ സംഭവിച്ചിരുന്നു. കട്ടിലില്‍ ഒരു വശം ചരിഞ്ഞ നിലയിലായിരുന്നു പ്രസാദ് മരിച്ചു കിടന്നത്.

ലോഡ്ജ് മുറിയിലെ ഒരു ആത്മഹത്യ മാത്രമായിരുന്ന ഈ സംഭവത്തിന്‍റെ ട്വിസ്റ്റ് ഇനിയാണ്. ആത്മഹത്യക്കുറിപ്പിലെ ഉള്ളടക്കവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നതോടെ വന്‍വാര്‍ത്തയായി. അന്താരാഷ്ട്രമാധ്യമങ്ങള്‍ വരെ പ്രസാദിന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യക്കുറിപ്പിലെ വരികളാണ് പ്രസാദിന്റെ മരണം ലോകത്തിനു മുന്നില്‍ ചര്‍ച്ചയാക്കിയത്. നാലു പേജുള്ള കത്ത്. ആദ്യ രണ്ടു താളുകളില്‍ തന്റെ സാമ്പത്തിക നില തകര്‍ന്നത് വിവരിക്കുന്നു. മൂന്നാമത്തെ പേജിലെ വരികള്‍ ഇങ്ങനെയായിരുന്നു. ‘ഡോക്ടേഴ്സ്,  പൊട്ടാസ്യം സയനൈഡ്, ഞാന്‍ ഇതിന്റെ രുചിയറിഞ്ഞു. സ്റ്റര്‍ട്ടിങ്ങില്‍ പുകച്ചിലാണ്, നാക്കെല്ലാം എരിയും, ഹാര്‍ഡാണ്, നല്ല ചവര്‍പ്പും’. എങ്ങനെയാണ് സയനൈഡ് രുചിക്കാനിടയായതെന്നും പ്രസാദ് എഴുതി. ‘ഞാൻ സയനൈഡ് മദ്യത്തിൽ കലക്കിയ ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എഴുതി. എന്തോ ഓർക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു'.

എഴുത്തിനിടെ പേനയുടെ അടിഭാഗം കടിക്കുന്ന ശീലമുണ്ടായിരുന്നു പ്രസാദിന്. ആ ശീലമാണ് സയനൈഡിന്‍റെ രുചി അറിയാൻ കാരണമായത്.  മരണം സംഭവിക്കാന്‍ ആവശ്യമായതിന്റെ ചെറിയൊരംശം മാത്രമാണ് പേനയിലൂടെ നാവിൽ എത്തിയതെന്ന് അന്നത്തെ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാള്‍ വിലയിരുത്തി. എട്ടോ പത്തോ വാചകങ്ങൾ വ്യക്‌തമായി എഴുതാൻ സമയം ലഭിച്ചത് ഇതിനാലാണ്.

പ്രസാദ് കുറിച്ച സയനൈഡ് രുചി പിന്നെ ലോകമെങ്ങും പരക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ അതു കണ്ടെത്തി എന്ന ക്യാപ്ഷനോടെയായിരുന്നു അന്നത്തെ പോസ്റ്റുകള്‍.  ചതിയിൽ പെട്ട ദുഃഖത്തിൽ ജീവൻ ത്യജിക്കുമ്പോഴും സയനൈഡിനോടുള്ള ഭയം കലർന്ന കൗതുകം പ്രസാദിന്‍റെ ഉള്ളിലുണ്ടായിരുന്നു. ശാസ്‌ത്ര-ആരോഗ്യ മേഖലയ്‌ക്ക് അപൂർവമായ സംഭാവന നൽകിയത് പ്രസാദിന്‍റെ ആ കൗതുകമായിരുന്നു. 

ENGLISH SUMMARY:

Potassium cyanide taste revealed by Malayali before death. The suicide note of Prasad, a goldsmith, revealed the taste of potassium cyanide and garnered international attention after being featured in a novel.